കണ്ണൂർ: ചക്കരക്കല്ലിൽ ആത്മഹത്യ ചെയ്ത പ്ലസ്ടു വിദ്യാർത്ഥിനികളുടെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ വൈകിട്ട് ആണ് സുഹൃത്തുക്കളായ അഞ്ജലി, ആദിത്യ എന്നിവരെ അഞ്ജലിയുടെ വീടിന്റെ ഒന്നാം നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും. 

പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ആണ് ഇരുവരുടെയും മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചത്. തുടർന്ന് വിദ്യാർത്ഥിനികൾ പഠിച്ച സ്കൂളിലെ പൊതു ദർശനത്തിന് ശേഷം ചെമ്പിലോട് പഞ്ചായത്ത് ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിച്ചു.

അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യക്കുള്ള കാരണം ഇതു വരെ വ്യക്തമായിട്ടില്ല. വിദ്യാർത്ഥികൾ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സഹപാഠികളെ ഉൾപ്പെടെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.