Asianet News MalayalamAsianet News Malayalam

കോയമ്പത്തൂരിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നയാൾക്ക് വധശിക്ഷ

അറസ്റ്റിലായ പ്രതി സന്തോഷ് കുമാറിനെക്കൂടാതെ രണ്ടാമതൊരാൾ കൂടി കൃത്യത്തിൽ പങ്കാളിയാണെന്ന് ഫൊറൻസിക് റിപ്പോർട്ടിൽ ഉള്ളതിനാൽ കൂടുതൽ അന്വേഷണത്തിനും പോക്സോ കോടതി ഉത്തരവിട്ടു. 

coimbatore child rape case pocso court sentenced capital punishment to accused
Author
Coimbatore, First Published Dec 27, 2019, 10:50 PM IST

കോയമ്പത്തൂർ: ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ യുവാവിനെ തൂക്കിക്കൊല്ലാൻ വിധിച്ച് കോയമ്പത്തൂരിലെ പ്രത്യേക പോക്സോ കോടതി. കുറ്റകൃത്യത്തിൽ രണ്ടാമതൊരാൾക്ക് കൂടി പങ്കുണ്ടെന്നതിന് ഫൊറൻസിക് റിപ്പോർട്ട് അടക്കം തെളിവുണ്ടെന്ന് കണ്ടെത്തിയതിനാൽ കേസിൽ വിശദമായ അന്വേഷണം നടത്തണമെന്നും പോക്സോ കോടതി ഉത്തരവിട്ടു. ഒമ്പത് മാസം കൊണ്ട് അതിവേഗം വിചാരണ പൂർത്തിയാക്കിയാണ് പ്രത്യേക മഹിളാ കോടതി ജഡ്ജി രാധിക, കേസിൽ വിധി പറഞ്ഞത്.

പോക്സോ (കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയാനുള്ള വകുപ്പ്) പ്രകാരം സന്തോഷ് കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി, പെൺകുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ശേഷം, കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കുന്നുവെന്നാണ് വിധിപ്രസ്താവത്തിൽ വ്യക്തമാക്കുന്നത്. തെളിവ് നശിപ്പിച്ചതിനും, പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചതിനും ഏഴ് വർഷത്തെ കഠിനതടവും വിധിച്ചിട്ടുണ്ട്. പ്രതിയുടെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് 2000 രൂപ പിഴയടക്കാനും കോടതി വിധിച്ചു.

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ അയൽവാസിയായിരുന്ന സന്തോഷ് കുമാർ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് ശേഷം ശ്വാസം മുട്ടിച്ച്  കൊന്ന് ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് രണ്ട് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തിയത്. സന്തോഷിന്റെ തന്നെ ടീ ഷർട്ടിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സന്തോഷ് കുമാറിന്‍റെ അമ്മൂമ്മ മരിച്ച് രണ്ട് ദിവസമേ ആയിരുന്നുള്ളൂ എന്നതിനാൽ, കുട്ടിയുടെ മൃതദേഹം ഒളിപ്പിക്കാനും, പിന്നീട് അർദ്ധരാത്രിയോടെ അത് ഉപേക്ഷിക്കാനും ഇയാളെ സഹായിച്ചു. ആന്തരിക അവയവങ്ങളുടെ പരിശോധനയിൽ കുട്ടി ക്രൂരബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തി. സംഭവം കോയമ്പത്തൂരിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചതോടെയാണ് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. 

കേസിന്‍റെ വിചാരണ പൂർത്തിയായി വിധി വരുന്നതിന് ഒരു ദിവസം മുമ്പ് കുട്ടിയുടെ അമ്മ കോടതിയിൽ കേസിൽ വീണ്ടും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. പെൺകുട്ടിയുടെ ദേഹത്ത് നടത്തിയ ഫൊറൻസിക് പരിശോധനാഫലത്തിൽ സന്തോഷ് കുമാറിന്‍റേതല്ലാതെ മറ്റൊരാളുടെ കൂടി ഡിഎൻഎ സാമ്പിളുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ആരുടേതാണെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. കുറ്റകൃത്യം നടത്തിയത് ഒരാൾ മാത്രമാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും രണ്ടാമനെ പൊലീസ് എന്തുകൊണ്ട് ഒഴിവാക്കിയെന്നും അന്വേഷണം നടന്നില്ലെന്നും കണ്ടെത്തണമെന്നും കുട്ടിയുടെ അമ്മ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഇത് കണക്കിലെടുത്താണ് കേസിൽ വിശദമായ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്. 

Follow Us:
Download App:
  • android
  • ios