കൊച്ചി: വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത്  കേസിൽ കോയമ്പത്തൂർ സ്വദേശി നന്ദകുമാറിനെ എൻഐഎ കൊച്ചി യൂണിറ്റിന് കൈമാറി. ഇയാളെ കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും. നേരത്തെ നന്ദകുമാറിന്‍റെ സ്വർണ്ണപണിശാലയിലും അനുബന്ധ സ്ഥാപനങ്ങളിലും എൻഐഎ ചെന്നൈ യൂണിറ്റ് പരിശോധന നടത്തിയിരുന്നു.

കോഴിക്കോട്ടെ  ജ്വല്ലറി ഉടമ ഷംസുദ്ദിൻ കേസിലെ മുഖ്യ കണ്ണിയെന്ന് വ്യക്തമാക്കിയ എന്‍ഐഎ കേസില്‍ അഞ്ച് പേരെ കൂടി പ്രതി ചേർത്തിരുന്നു. കള്ളക്കടത്തിന് ഇടനിലക്കാരായി പ്രവർത്തിച്ചവരെയാണ് എൻഐഎ പ്രതിചേർത്തത്. കുന്നമംഗലം സ്വദേശി മുസ്തഫ ,ഐക്കരപടി സ്വദേശി അബ്ദുൾ അസീസ്, കോയമ്പത്തൂർ സ്വദേശി നന്ദകുമാർ,തലശ്ശേരി സ്വദേശി രാജു,കോഴിക്കോട് സ്വദേശി മുഹമ്മദ്  ഷമീർ  എന്നിവരെയാണ് പ്രതി ചേർത്തത്.


ഇതോടെ എൻ ഐ എ കേസിലെ  പ്രതികളുടെ എണ്ണം 30 ആയിരുന്നു. കേസിലെ ഗൂഢാലോചന ഷംസുദ്ദിനിന്ടെ അറിവോടെയാണെന്നാണ് എൻഐഎ നിലപാട്. അനധികൃതമായി എത്തിച്ച സ്വർണ്ണം ആഭരണങ്ങളാക്കി തമിഴ്നാട്ടിലെ വിവിധ ജ്വല്ലറികളിൽ വിൽപ്പന നടത്തിയതിന്‍റെ തെളിവുകളും എൻഐഎക്ക് ലഭിച്ചിട്ടുണ്ട്.