മഹാരാഷ്ട്ര:  മഹാരാഷ്ട്രയിലെ വാർധയിൽ അക്രമി തീകൊളുത്തിയ അധ്യാപിക മരിച്ചു. കഴിഞ്ഞ ആഴ്ചയാണ് കോളേജിലേക്കുള്ള യാത്രാമധ്യേ സ്ഥിരമായി പിന്തുടർന്ന് ശല്യം ചെയ്തിരുന്ന വികാസ് ന​ഗ്രാലെ എന്നയാൾ ഇരുപത്തഞ്ചുകാരിയായ അധ്യാപികയെ ചുട്ടുകൊല്ലാൻ  ശ്രമിച്ചത്. നാൽപത് ശതമാനം പൊള്ളലേറ്റ ഇവർ നാ​ഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബൈക്കിലെത്തിയ അക്രമി പെട്രോളൊഴിച്ചതിന് ശേഷം തീ കൊളുത്തുകയായിരുന്നു,

ആരോ​ഗ്യനില ​ഗുരുതരമാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരുന്നത്. പുലർച്ചെ 6.55നാണ് മരണം സ്ഥിരീകരിച്ചത്. ശാരീരിക അവയവങ്ങളിലുണ്ടായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചത്. ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് വേണ്ടി പൊലീസിന് കൈമാറിയിരിക്കുകയാണ്. ഓറഞ്ച് ഹോസ്പിറ്റൽ ഡയക്ടർ ഡോക്ടർ അനുപ് മാരാർ വ്യക്തമാക്കി. 

സംഭവത്തിലെ പ്രതിയായ വികാസ് ന​ഗ്രാലെ എന്നയാളെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വർഷത്തിലധികമായി ഇയാൾ അധ്യാപികയെ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു എന്ന് ബന്ധുക്കൾ വ്യക്തമാക്കി. ഇയാൾ വിവാഹിതനും ഏഴ് മാസം പ്രായമുള്ള കുട്ടിയുടെ പിതാവുമാണ്. ബൽഹർഷയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. സൗഹൃദം ഉപേക്ഷിച്ചതിന് ശേഷം ഇയാൾ യുവതിയെ പിന്തുടരാറുണ്ടായിരുന്നു. ശല്യം സഹിക്കാൻ സാധിക്കാതെ കഴിഞ്ഞ വർഷം യുവതി ആത്മഹത്യ ചെയ്യാൻ പോലും ശ്രമിച്ചിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം നാഗ്രാലെ കാരണം യുവതിയുടെ വിവാഹനിശ്ചയം മുടങ്ങിയിരുന്നതായും പൊലീസ് വ്യക്തമാക്കി,

അതീവ സുരക്ഷയാണ് ആശുപത്രി പരിസരത്ത് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളും കോളേജ് വിദ്യാർത്ഥികളുമുൾപ്പെടെയുള്ള പ്രദേശവാസികൾ, പ്രതിക്ക് വധശിക്ഷ നൽകണമെന്ന ആവശ്യമുന്നയിച്ച് മാർച്ച് നടത്തിയിരുന്നു. സംഭവത്തിൽ സ്പെഷൽ പ്രോസിക്യൂട്ടറായി പ്രശസ്ത അഭിഭാഷകനായ ഉജ്വൽ നി​ഗമിനെയാണ് സർക്കാർ നിയോ​​ഗിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ യുവതിയെ സന്ദർശിച്ചിരുന്നു.