കോഴിക്കോട്: പൊലീസിന്‍റെ കണ്‍മുന്നില്‍ ജീവനൊടുക്കിയ കോഴിക്കോട് കക്കോടി സ്വദേശി രാജേഷിന്‍റെ ബന്ധുക്കള്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത്. പൊലീസ് കളളക്കേസില്‍ കുടുക്കിയെന്നാരോപിച്ചായിരുന്നു രാജേഷ് ജീവനൊടുക്കിയത്. കളളക്കേസില്‍ കുടുക്കിയവരെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതു മുതലാണ് പൊലീസുകാര്‍ക്ക് പക തുടങ്ങിയതെന്ന് രാജേഷിന്‍റെ ബന്ധുക്കള്‍ പറയുന്നു. 

ഇക്കഴിഞ്ഞ ശനിയാഴ്ച കക്കോടി സ്വദേശി 33കാരന്‍ രാജേഷ് തന്‍റെ മരണത്തിന് തൊട്ടു മുമ്പ് ലോകത്തോട് വിളിച്ചു പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻമാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു രാജേഷ് ആത്മഹത്യ ചെയ്തത്.

 ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ രാജേഷിന്‍റെ ഈ വാക്കുകള്‍ വ്യാപകമായി പ്രചരിക്കുമന്നുണ്ട്. ചെയ്യാത്ത കുറ്റങ്ങള്‍ തന്‍റെ മേല്‍ കെട്ടിവച്ചെന്നും മോഷ്ടാവെന്ന മുദ്ര ചാര്‍ത്തപ്പെട്ടതോടെ തനിക്ക് ഭാര്യയെ ഉള്‍പ്പെടെ നഷ്ടമായെന്നുമാണ് രാജേഷ് പറയുന്നത്.

മദ്യപിച്ച് ഒരു വീട്ടില്‍ കിടന്നുറങ്ങിയതിനെ തുടര്‍ന്നായിരുന്നു പൊലീസ് തന്നെ ആദ്യം കളളക്കേസില്‍ കുടുക്കിയതെന്ന് രാജേഷിന്‍റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സിറ്റി പൊലീസ് കമ്മീഷണര്ക്ക് പരാതി നല്‍കിയതിനു പിന്നാലെ തെളിയാത്ത കേസുകള്‍ പൊലീസ് രാജേഷിന്‍റെ മേല്‍ കെട്ടിവച്ചെന്നാണ് പരാതി. ഏതായാലും ഒന്ന് വ്യക്തമാണ് കേസ് അന്വേഷണത്തിന്‍റെ ഭാഗമായി വലിയ ശാരീരിക പീഡനങ്ങളും മാനസിക വ്യഥയും രാജേഷ് നേരിടേണ്ടി വന്നു. രാജേഷ് മാത്രമല്ല, രാജേഷിന്‍റെ കുടുംബാംഗങ്ങളും.

ഭാര്യവാടിനു സമീപത്തെ മരത്തില്‍ കയറിയാണ് രാജേശ് ജീവനൊടുക്കിയത്. ചേവായൂര്‍ സ്റ്റേഷനിലെ പൊലീസുകാരും ഫയര്‍ഫോഴ്സ് ജീവനക്കാരും നോക്കി നില്‍ക്കെയായിരുന്നു ആത്മഹത്യ. പൊലീസുകാര്‍ക്കൊപ്പം ഭാര്യ വീട്ടുകാര്‍ക്കുകൂടി ഈ ദുരന്തത്തില്‍ പങ്കുണ്ടെന്ന് രാജേഷിന്‍റെ കുടംബം ആരോപിക്കുന്നു.

നന്നായി കവിതകള്‍ എഴുതിയിരുന്ന നാടകങ്ങള്‍ എഴുതിയിരുന്ന രാജേഷ് ജീവിതത്തില്‍ വലിയ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തിയ യുവാവായിരുന്നു. അകാരണമായി മാസങ്ങളോളം റിമാന്‍റ് തടവുകാരമായി ജയിലില്‍ കഴിഞ്ഞ രാജേഷ് മനുഷ്യാവകാശ കമ്മീഷനനും പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റിക്കുമെല്ലാം പരാതി നല്‍കിയിട്ടും ഒന്നുമുണ്ടായില്ല. 

ഒരു കേസില്‍ പ്രതിയായാല്‍ നിസഹായനായ ഒരു മനുഷ്യനോട് നമ്മുടെ നിയമ പാലകര്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിന് തെളിവാണ് ഈ സംഭവം. കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശനമായ അന്വേഷണവും നടപടിയുമാണ് ഇനി ആവശ്യം.