കഴിഞ്ഞ മാസം പോർച്ചുഗലിൽ എത്തിയ യുവതിയുടെ പാസ്‌പോർട്ട് ഒരാൾ പിടിച്ചെടുക്കുകയും രണ്ടുദിവസം മുറിയിൽ പൂട്ടിയിടുകയും ചെയ്തു.
മുംബൈ: തൊഴിൽ വാഗ്ദാനം ചെയ്ത് വിദേശത്തെത്തിച്ച യുവതിയെ മദ്യവിൽപ്പനക്കാരന് വിറ്റതായി പരാതി. മഹാരാഷ്ട്ര നാഗ്പുർ സ്വദേശിനിയായ 28 കാരിയാണ് തട്ടിപ്പിനിരയായത്. പുണെയിലെ ട്രാവൽ ഏജൻസിക്കെതിരായ യുവതിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. യൂറോപ്പിലെ ചോക്ലേറ്റ് കമ്പനിയിൽ മാസം 1.5 ലക്ഷം രൂപ ശമ്പളമുളള ജോലി വാഗ്ദാനം ചെയ്ത ഏജൻസി, വിസയ്ക്കും മറ്റ് നടപടികൾക്കുമായി ഘട്ടങ്ങളായി 11 ലക്ഷത്തോളം രൂപ യുവതിയിൽ നിന്ന് കൈപ്പറ്റി. കഴിഞ്ഞ മാസം പോർച്ചുഗലിൽ എത്തിയ യുവതിയുടെ പാസ്‌പോർട്ട് ഒരാൾ പിടിച്ചെടുക്കുകയും രണ്ടുദിവസം മുറിയിൽ പൂട്ടിയിടുകയും ചെയ്തു. പണം നൽകി പാസ്പോർട്ട് തിരിച്ചുവാങ്ങിയെങ്കിലും ഇവർ യുവതിയെ ബിയർ ഷോപ്പിലെത്തിച്ചു.
മദ്യഷോപ്പിന്റെ ഉടമ യുവതിയെ പണം കൊടുത്ത് വാങ്ങിയതെന്നും വേശ്യാവൃത്തിക്ക് തയ്യാറാകണമെന്നും പറഞ്ഞു. പിന്നാലെ അവിടെ നിന്ന് രക്ഷപ്പെട്ട യുവതി ഗൾഫ് വഴി ദില്ലിയിലെത്തുകയായിരുന്നു. മനുഷ്യക്കടത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
