തിരുവനന്തപുരം: പാറശ്ശാലയിൽ പരാതിയുമായി എത്തിയ ആളോട് സ്റ്റേഷൻ ഹൗസ് ഓഫീസർ മോശമായി പെരുമാറിയെന്ന് പരാതി. നെയ്യാറ്റിൻകര ആറയൂർ സ്വദേശി ജയകുമാറാണ് പരാതിക്കാരൻ. ശബ്ദരേഖ സഹിതമാണ് സിഐക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ച്ച കൊല്ലയിൽ പഞ്ചായത്ത് പുതുശ്ശേരി വാർഡിലെ എൽഡിഎഫ് സ്ഥാനാ‍ർത്ഥിയും സംഘവും ചേ‍ർന്ന് തന്നെ മർദ്ദിച്ചെന്നായിരുന്നു ജയകുമാറിന്റെ പരാതി. തുടർന്ന് ജയകുമാറിനെ പാറശ്ശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മൊഴിയെടുക്കാൻ എത്തിയെങ്കിലും പാറശ്ശാല സിഐ റോബർട്ട് ജോണി തന്റെ പരാതിയിൽ കേസെടുക്കാൻ തയ്യാറായില്ലെന്നാണ് ജയകുമാറിന്റെ ആരോപണം. രസീതി ആവശ്യപ്പെട്ടപ്പോൾ മോശമായി പെരുമാറിയെന്നും ജയകുമാർ പറയുന്നു

ആരോപണം നിഷേധിച്ച സിഐ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കി. മൊഴിയെടുക്കാൻ എത്തിയപ്പോൾ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് പോയതിന് ശേഷം സ്റ്റേഷനിലെത്താമെന്ന് അറിയിച്ചതിനെ തുടർന്നാണ് വൈകിയതെന്നുമാണ് സിഐയുടെ വാദം.