Asianet News MalayalamAsianet News Malayalam

തൊടുപുഴയിൽ ക്രൂരമർദ്ദനത്തിനിരയായ ഏഴുവയസുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു

മരുന്നുകളോട് കുട്ടിയുടെ ശരീരം പ്രതികരിക്കുന്നില്ലെങ്കിലും നിലവിലുള്ള ചികിത്സാ തുടരാനാണ്കോട്ടയം മെഡിക്കൽ കോളേജിൽ നിന്നെത്തിയ മെഡിക്കൽ സംഘം നൽകിയ നിർദ്ദേശം.

condition of seven year old who attacked by mother friend in thodupuzha continues critical
Author
Thodupuzha, First Published Mar 31, 2019, 7:01 AM IST

തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരമർദ്ദനത്തിനിരയായ ഏഴുവയസുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു.തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച കുട്ടി വെൻറിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. സർക്കാർ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള മൂന്നംഗ ഡോക്ടർമാരടങ്ങിയ വിദഗ്ധ സംഘം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചിരുന്നു.മരുന്നുകളോട് കുട്ടിയുടെ ശരീരം പ്രതികരിക്കുന്നില്ലെങ്കിലും നിലവിലുള്ള ചികിത്സാ തുടരാനാണ് മെഡിക്കൽ സംഘം നൽകിയ നിർദ്ദേശം.

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് തലയോട്ടി പൊട്ടിയ നിലയിൽ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുൺ ആനന്ദും ചേർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവരുന്നത്. രക്തത്തിൽ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ കുട്ടിയുടെ അമ്മ ആദ്യം സോഫയിൽ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്. എന്നാൽ, കുട്ടിയെ പരിശോധിച്ച ഡോക്ടർമാർക്ക് സംശയം തോന്നി. ബലമുള്ള എന്തോ വസ്തു വച്ച് തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകൾ.

കുട്ടിയുടെ പരിചരണത്തിനായിരുന്നു ആദ്യ പരിഗണന നൽകേണ്ടത് എന്നതിനാൽ ആദ്യം ഡോക്ടർമാർ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തി. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനെ ചോദ്യം ചെയ്തതോടെയാണ് മനസ്സാക്ഷിയെ ഞെട്ടിച്ച മ‍‍ർദ്ദനവിവരം പുറംലോകമറിഞ്ഞത്.

ഏഴ് വയസ്സുകാരനെ പ്രതിയായ അരുൺ ആനന്ദ് അതിക്രൂരമായി മർദ്ദിച്ചെന്ന് പൊലീസ് വിശദമാക്കിയിരുന്നു. ചവിട്ടിയും ഇടിച്ചും പരിക്കേൽപ്പിച്ചു. ചുവരിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു. മർദ്ദനത്തിൽ തലയോട് പൊട്ടിയ കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും വൻകുടലിനും തകരാറ് സംഭവിച്ചിട്ടുണ്ട്. പ്രതി അരുൺ ആനന്ദ് കുട്ടിയെ ലൈഗികമായി പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു
 

Follow Us:
Download App:
  • android
  • ios