ലാൽ റാം ഇതിനെ എതിർക്കുകയും ഭക്ഷണം കഴിക്കുകയായിരുന്ന വിദ്യാർത്ഥികളോട് ദലിതർ വിളമ്പിയതിനാൽ വലിച്ചെറിയാൻ ആവശ്യപ്പെടുകയും ചെയ്തു
ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലെ സർക്കാർ സ്‌കൂളിൽ രണ്ട് ദളിത് പെൺകുട്ടികളോട് ജാതി വിവേചനം കാണിച്ചതിന് പാചകക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ബറോഡി പ്രദേശത്തെ സർക്കാർ അപ്പർ പ്രൈമറി സ്‌കൂളിൽ ലാലാ റാം ഗുർജാർ പാകം ചെയ്ത ഉച്ചഭക്ഷണമാണ് ദളിത് പെൺകുട്ടികൾ വിളമ്പിയത്.
ലാൽ റാം ഇതിനെ എതിർക്കുകയും ഭക്ഷണം കഴിക്കുകയായിരുന്ന വിദ്യാർത്ഥികളോട് ദലിതർ വിളമ്പിയതിനാൽ വലിച്ചെറിയാൻ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. വിദ്യാർഥികൾ നിർദേശം പാലിച്ച് ഭക്ഷണം വലിച്ചെറിഞ്ഞു. പെൺകുട്ടികൾ സംഭവം വീട്ടുകാരോട് പറഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ സ്‌കൂളിലെത്തി പാചകക്കാരനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.
എസ്‌സി, എസ്ടി (അതിക്രമങ്ങൾ തടയൽ) ആക്‌ട് പ്രകാരം പാചകക്കാരനെതിരെ ഗോഗുണ്ട പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. "സംഭവം സത്യമാണെന്ന് കണ്ടെത്തിയതിനാൽ ഉടനടി നടപടി സ്വീകരിച്ചു. ദളിത് പെൺകുട്ടികൾ ഭക്ഷണം വിളമ്പിയതിനാലാണ് വിദ്യാർത്ഥികൾ ഭക്ഷണം വലിച്ചെറിഞ്ഞത് " പൊലീസ് അറിയിച്ചു.
പാചകക്കാരൻ ഭക്ഷണം വിളമ്പുമ്പോൾ ഉയർന്ന ജാതിക്കാരായ തനിക്ക് ഇഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രത്യേകം നൽകാറുണ്ടായിരുന്നു. എന്നാൽ ദലിത് പെൺകുട്ടികൾക്ക് നല്ല രീതിയിൽ ഭക്ഷണം വിളമ്പുന്നില്ലെന്ന് പരാതിപ്പെട്ടതിനാൽ ഒരു അധ്യാപകൻ ഇടപെട്ട് ദളിത് വിദ്യാർത്ഥികളെക്കൊണ്ട് ഭകഷണം വിളമ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
