ബംഗ്ലൂരു: ജാതി മാറി വിവാഹം ചെയ്‌ത ദമ്പതികളെ ​ഗ്രാമവാസികൾ കല്ലെറിഞ്ഞ് കൊന്നു. കർണാടകയിലെ ഗഡാക് ജില്ലയിലാണ് സംഭവം. നാല് വർഷം മുമ്പ് വിവാഹിതരായ രമേഷ് മാദർ, ഗംഗമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുടുബങ്ങളുടെ എതിർപ്പ് അവഗണിച്ച് നാല് വർഷം മുമ്പാണ് രമേഷ്, ലംബാനി സമുദായത്തിൽപ്പെട്ട ഗംഗമ്മയെ വിവാഹം ചെയ്‌തത്. തുടർന്ന് ഇവർ ഗ്രാമം വിട്ട് പോകുകയും ചെയ്‌തു. വിവിധയിടങ്ങളിൽ താമസിച്ചിരുന്ന ദമ്പതികൾ കഴിഞ്ഞ ബുധനാഴ്‌ച സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

തിരികെ എത്തിയ ദമ്പതികളെ ലംബാനി സമുദായത്തിലുള്ളവർ മർദ്ദിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇവർക്ക് നേരെ ഒരു കൂട്ടമാളുകൾ കല്ലെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ വൈകാതെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ദമ്പതികൾക്ക് രണ്ട്  കുട്ടികളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.