Asianet News MalayalamAsianet News Malayalam

രാഷ്ട്രീയ നേതാവിന്‍റെ മകന് വേണ്ടി ബലാത്സംഗക്കേസില്‍ ഒത്തുകളിച്ച് പൊലീസ്; പ്രതിഷേധം

പന്ത്രണ്ടുകാരിയെ ക്രൂരബലാത്സംഗത്തിന് ശേഷം ഷോക്കേല്‍പ്പിച്ച് കൊന്ന രാഷ്ട്രീയ നേതാവിന്‍റെ മകന് വേണ്ടി പൊലീസ് ഒത്തുകളിച്ചതായി ആരോപണം. പ്രമാദമായ കേസിലെ തെളിവുകള്‍ കോടതിയില്‍ എത്തിയപ്പോള്‍ അപ്രത്യക്ഷമായി. 

court sets free suspect in rape and murder of a minor girl from Dindigul as police didnt produce evidences
Author
Dindigul, First Published Oct 10, 2020, 9:38 AM IST

തമിഴ്നാട്ടില്‍ ഏഴാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ വെറുതെ വിട്ടതില്‍ പ്രതിഷേധം ശക്തം. ബാർബർ ഷോപ്പുടമയുടെ പന്ത്രണ്ടു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെവിട്ടത്. 

അതിക്രൂരമായി പെണ്‍കുട്ടിയെ പീഡിപ്പിച്ച കൊന്ന പ്രതിക്കുവേണ്ടി പൊലീസ് ഒത്തുകളിച്ചതിന്‍റെ വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പതിനാറിനാണ് ദിണ്ഡിഗല്‍ ജില്ലയിലെ കുറുമ്പാട്ടി ഗ്രാമത്തില്‍ പന്ത്രണ്ടുകാരിയെ വീട്ടിനുള്ളില്‍ ഷോക്കേല്‍പിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ മാനഭംഗത്തിനുശേഷം ഷോക്കടിപ്പിച്ചാണ് കൊന്നതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. വീട്ടിലാരുമില്ലാത്ത സമയത്ത് പരിചയം നടിച്ച് എത്തിയ അയല്‍വാസിയായ പത്തൊന്‍പതുകാരന്‍ പെണ്‍കൂട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 

ബോധരഹിതയായ പെണ്‍കുട്ടിയുടെ വായിലും മൂക്കിലും വയറ് തിരുകികയറ്റി ഷോക്ക് അടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. പൊലീസ് അന്വേഷണത്തില്‍ അയല്‍വാസിയായ 19 കാരന്‍ സംഭവത്തില്‍ അറസ്റ്റിലായി. പീഡിപ്പിച്ചതിനു ശേഷം ഷോക്കടിപ്പിച്ചു കൊന്നുവെന്നായിരുന്നു കുറ്റപത്രം. ശിശുസരംക്ഷണ സമിതി മുമ്പാകെ പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് കോടതിയില്‍ എത്തിയപ്പോഴേക്കും തെളിവുകള്‍ എല്ലാം അപ്രത്യക്ഷമായി. വയറുപോലുള്ള വസ്തു ഉപയോഗിച്ചു കുരുക്കിട്ടതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണു മരണമെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ് കോടതിയില്‍ എത്തിയത്. 

പ്രധാന തെളിവാകേണ്ടിയിരുന്ന ശിശുസംരക്ഷണ സമിതി ഓഫീസര്‍ മുമ്പാകെയുള്ള കുറ്റസമ്മത മൊഴി മുക്കുകയും ചെയ്തു. കേസിലെ നിര്‍ണായക തൊണ്ടിമുതലായ വയര്‍ കോടതിയില്‍ ഹാജരാക്കാതെയും പൊലീസ് ഒത്തുകളിച്ചു. ഷോക്കേല്‍പ്പിച്ച വയറിലെ വിരലടയാളം ഉള്‍പ്പടെ ശേഖരിച്ചില്ല. തെളിവുകളുടെ അഭാവത്തില്‍ ദിണ്ടിഗല്‍ സെഷന്‍സ് കോടതി പ്രതിയെ വെറുതെവിടുകയായിരുന്നു. 

ദിണ്ടിഗലില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്നയാളുടെ മകളാണ് കൊല്ലപ്പെട്ട ഏഴാം ക്ലാസുകാരി. അണ്ണാഡിഎംകെ പ്രദേശിക നേതാവിന്‍റെ മകനാണ് പ്രതി. പ്രതിയെ രക്ഷക്കാന്‍ പൊലീസ് ഒത്തുകളിച്ചെന്ന് ചൂണ്ടികാട്ടി ദിണ്ടിഗല്‍ കളക്ട്രേറ്റിലേക്ക് നാട്ടുകാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. തമിഴ്നാട്ടിലെ രണ്ടുലക്ഷം ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും പ്രതിഷേധത്തിന്‍റെ ഭാഗമായി അടച്ചിട്ടു. ഒത്തുകളിച്ച പൊലീസുകാര്‍ക്ക് എതിരെ നടപടി വേണമെന്ന് ഡിഎംകെ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

Follow Us:
Download App:
  • android
  • ios