കൊച്ചി: കണ്ണൂരിലെ പാനൂരില്‍ ബിജെപി നേതാവായ അധ്യാപകന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ അന്വേഷണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ശുചിമുറിയില്‍ പീഡിപ്പിച്ച കേസിൽ അധ്യാപകനായ ബിജെപി നേതാവ് കുനിയിൽ പത്മരാജനെ പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. 

സംഭവം നടന്ന് ഒരു മാസമായിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. തുടര്‍ന്ന് ഇരയുടെ സഹപാഠി ഏഷ്യാനറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തെ തുടര്‍ന്നാണ് പൊലീസ് പത്മരാജനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന് കൈമാറി. ഐജി കണ്ണൂരിലെത്തി അന്വേഷണം തുടങ്ങിയതായി എഡിജിപി ടോമിന്‍ തച്ചങ്കരി അറിയിച്ചു.

കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്കേസില്‍ അധോലോക നായകന്‍ രവി പൂജാരിയുടെ മൊഴി രേഖപ്പെടുത്തിയാലെ അന്വേഷണം മുന്നോട്ട്കൊണ്ടു പോകാന്‍ കഴിയൂ എന്നും തച്ചങ്കരി കൊച്ചിയില്‍ പറഞ്ഞു. നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെയ്പ്പ് നടത്തിയ കേസില്‍ അധോലോക നായകന്‍ രവി പൂജാരിയെ വിട്ടു കിട്ടിയാല്‍ മാത്രമേ അന്വേഷണം മുന്നോട്ട് പോകൂ. രാജ്യത്ത് നിരവധി കേസുകല്‍ രവി പൂജാരിക്കെതിരെ ഉണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നതിന് കേരള പൊലീസിന് വിട്ടു നല്കാന്‍ അപേക്ഷ നല്കിയിട്ടുണ്ടെന്നും തച്ചങ്കരി പറ‍ഞ്ഞു.