ഇരിക്കൂറിൽ വീട്ടിൽ കയറി വയോധികയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസി​ൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതം

കണ്ണൂര്‍: ഇരിക്കൂറിൽ വീട്ടിൽ കയറി വയോധികയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസി​ൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതം. ഇരിക്കൂർ സിദ്ദീഖ് നഗർ സ്വദേശിനി കുഞ്ഞാമിന കൊല്ലപ്പെട്ട കേസിൽ ആണ് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. 2016 ഏപ്രിൽ 30ന് രാവിലെ ആയിരുന്നു കൊലപാതകം. വയോധികയുടെ വീട്ടുപറമ്പിലെ വാടക വീട്ടിൽ താമസിക്കുന്ന അന്തർ സംസ്ഥാന തട്ടിപ്പുസംഘം സംഭവത്തിനുശേഷം നാട്ടിൽ നിന്നും മുങ്ങിയതോടെ ലോക്കൽ പൊലീസ് അന്വേഷണം പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു.

തുടർന്ന് ബന്ധുക്കൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈ എസ് പി മനോജ് കുമാറി​ൻെറ നേതൃത്വത്തിൽ ഉള്ള സംഘത്തിന് കൈമാറുകയായിരുന്നു. സംഭവസ്ഥലം സന്ദർശിച്ച അന്വേഷണസംഘം കുഞ്ഞാമിനയുടെ മക്കളിൽ നിന്നും മൊഴിയെടുത്തു. മക്കളായ അയ്യൂബ്, ഉമ്മർ എന്നിവർ വിദേശയാത്ര സംബന്ധമായ രേഖകൾ ശരിയാക്കാൻ മട്ടന്നൂരിലേക്കുപോയ സമയത്തായിരുന്നു കൊലപാതകം നടന്നത്. 

ഇരിക്കൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. കുഞ്ഞാമിനയുടെ വീട്ടുപറമ്പിലെ വാടക വീട്ടിൽ താമസിച്ച രണ്ടു സ്ത്രീകളും ഒരു പുരുഷനും ഏത് സംസ്ഥാനക്കാരാണെന്നുപോലും വ്യക്തമായിരുന്നില്ല. ഇവർ മാക്സിയും ചുരിദാറും വീടുകളിൽ വിൽപന നടത്തിവരുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ, വിവിധ സംസ്ഥാനങ്ങളിൽ ഇവർ താമസിച്ചിരുന്നതായി കണ്ടെത്തി. 

Read more: കര്‍ണാടകയിൽ നിന്ന് മാരുതി കാറിൽ കടത്ത്, ചില്ലറ വിൽപ്പന, യുവാക്കൾ പിടിയിലായത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി

2013ൽ ആന്ധ്രയിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവർന്ന കേസ് ഇവർക്കെതിരെ രജിസ്​റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്, ഗുജറാത്ത്, തിരുവനന്തപുരം, ഷൊർണൂർ, വയനാട് മാനന്തവാടിയിലും ഇവർ താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഷൊർണൂർ പൊലീസിൽ ഇവർക്കെതിരെ പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസുണ്ട്. പല ഭാഷകളും സംസാരിക്കുന്ന മൂന്നുപേരെയും കണ്ടെത്താൻ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഊർജിതമാക്കി. ഇവരുടെ ഫോട്ടോയും ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ട്.