തിരുവനന്തപുരം മുക്കോലയ്ക്കലില്‍ വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ അക്രമികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തി. നെയ്യാറ്റിന്‍കരയില്‍ രാത്രി ഒന്‍പതരയോടെയാണ് സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ നാലരയോടെ തൃശൂരില്‍ നിന്ന് സ്വര്‍ണം വാങ്ങി മടങ്ങുകയായിരുന്ന മുട്ടത്തറ സ്വദേശി ബിജുവിനെ ആക്രമിച്ച് സ്വര്‍ണ കവർന്നത്.

തമിഴ്നാട്ടിലെ കുഴിത്തുറയിൽ സ്വർണക്കട നടത്തി വരികയാണ് ബിജു. തൃശൂരിലെ മൊത്തവ്യാപര സ്ഥാപനത്തില്‍ നിന്നും വാങ്ങിയ ആഭരണങ്ങളുമായി രാവിലെ ഗുരുവായൂർ എക്സ്പ്രസിലാണ് ബിജു തമ്പാനൂരിലെത്തിയത്. റെയിൽവേ സ്റ്റേഷനിൽ നിന്നും കാറില്‍ വീട്ടിലേക്ക് പോകും വഴിയാണ് മറ്റൊരു കാറില്‍ എത്തിയ സംഘം വാഹനം തടഞ്ഞ് നിർത്തി ആക്രമിച്ച് സ്വര്‍ണ്ണം  തട്ടിയെടുത്തത്. ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പോഴെക്കും സംഘം രക്ഷപ്പെട്ടിരുന്നു.