പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ പ്രതികളായ വിദ്യാർത്ഥികളെ കൊല്ലത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റി. അടുത്തമാസം അഞ്ചിന് ഇരുവരേയും വീണ്ടും കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട അഖിലിന്റെ മൃതദേഹം പോസറ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

അതേസമയം ജുവനൈൽ പ്രതികളെ കൊണ്ട് മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെ മണ്ണ് മാന്തിച്ചതിൽ ജില്ലാ കളക്ടറോടും പൊലീസ് മേധാവിയോടും ബാലാവകാശകമ്മീഷൻ വിശദീകരണം തേടി. സുഹൃത്തുക്കൾ കൊലപ്പെടുത്തിയ പത്താം ക്ലാസ് വിദ്യാർത്ഥി അഖിലിന്‍റെ മൃതശരീരത്തില്‍ തലയിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ട്.

കോടാലിയും കല്ലും ഉപയോഗിച്ചാണ് അഖിലിനെ കൊലപ്പെടുത്തിയതെന്ന് പ്രതികളായ വിദ്യാർത്ഥികൾ മൊഴി നൽകിയിരുന്നു. മൂവരും നേരത്തെ ഒരേ സ്കൂളിൽ പഠിച്ചിരുന്നവരാണ്. റബ്ബർ തോട്ടത്തിൽ വച്ച് തന്നെയായിരുന്നു കൊലപാതകം. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. രണ്ട് സൈക്കിളിലായിട്ടാണ് മൂന്ന് പേരും ഇവിടെ എത്തിയത്. വിദ്യാർത്ഥികളിലൊരാൾ നേരത്തെ സിസിടിവി മോഷണ കുറ്റത്തിനും പിടിയിലായിട്ടുണ്ട്.

സ്കൂളിൽ വച്ച് മറ്റ് വിദ്യാർത്ഥികളെ ഇവർ ഉപദ്രവിച്ചിരുന്നതായും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്നുമാണ് വിവിധ മൊഴികള്‍ ലഭിച്ചിരിക്കുന്നത്. പ്രതികളായ വിദ്യാർത്ഥികളെ പത്തനംതിട്ട ജുവനൈൽ കോടതിയിൽ ഹാജരാക്കി. കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ വീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു.

അതിനിടെ മറവ് ചെയ്ത വിദ്യാർത്ഥിയുടെ മൃതശരീരം പ്രതികളായ വിദ്യാർത്ഥികളെ കൊണ്ട് തന്നെ മണ്ണ് നീക്കിയെടുപ്പിച്ച പൊലീസ് നടപടിയും വിവാദമായി. സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി കേസെടുക്കാൻ നിർദേശം നൽകി.