കാഞ്ചീപുരം: തമിഴ്നാട് കാഞ്ചീപുരത്ത്  20 കാരിയായ ദലിത് യുവതിയെ കൊലപ്പെടുത്തി കത്തിച്ചു. ബുധനാഴ്ച സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനായ രാജേഷിനെ( 24) പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത ജാതിയില്‍പ്പെട്ട രാജേഷും പെണ്‍കുട്ടിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ ഇരുവീട്ടുകാരും എതിര്‍ത്തു. ആണ്ടി സിരുവല്ലൂരിലെ വലജബാദിലാണ് പെണ്‍കുട്ടി താമസിക്കുന്നത്. ഇപ്പോള്‍ തിരിച്ചെത്തിക്കാമെന്ന് പറഞ്ഞാണ് രാജേഷ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയത്. എന്നാല്‍ പെണ്‍കുട്ടി തിരിച്ചെത്തിയില്ല.

തുടര്‍ന്ന് നവംബര്‍ 23ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി.  അന്വേഷണം പുരോഗമിക്കുന്നതിനിടെ വീടിന് സമീപത്തെ തോട്ടത്തില്‍ കത്തിക്കരിഞ്ഞ് ചതഞ്ഞരഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാജേഷ് ഉയര്‍ന്ന ജാതിയില്‍പ്പെട്ടതായതിനാല്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മാതാപിതാക്കള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. മരണത്തിന് കാരണം നിങ്ങളുടെ മകള്‍ തന്നെയാണെന്ന് രാജേഷ് പറഞ്ഞതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

രാജേഷിന് അര്‍ഹിച്ച ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടി സമയത്ത് വീട്ടിലെത്താതിരിന്നപ്പോള്‍ ബന്ധു വഴി രാജേഷുമായി ബന്ധപ്പെട്ടിരുന്നു. മകള്‍ തന്‍റെ കൂടെയുണ്ടെന്നാണ് ബന്ധുവിനോട് രാജേഷ് പറഞ്ഞത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൊലപാതകത്തില്‍ എത്രപേര്‍ക്ക് പങ്കുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ, പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടോ എന്ന് പറയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം, വിസികെ പാര്‍ട്ടികള്‍ റോഡ് ഉപരോധം നടത്തി.