ഭോപ്പാല്‍: സിഗരറ്റ് കത്തിയ്ക്കാന്‍ തീപ്പെട്ടി നല്‍കാത്തതിനെ തുടര്‍ന്ന് 50കാരനായ ദലിതനെ രണ്ടുപേര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ കരോഡ് ഗ്രാമത്തിലാണ് സംഭവം. പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലാല്‍ജി റാം അഹിര്‍വാര്‍ എന്നയാളാണ് മരിച്ചത്.

കാര്‍ഷിക തൊഴിലാളിയായ ലാല്‍ജി വയല്‍വരമ്പില്‍ വിശ്രമിക്കുമ്പോഴാണ് യാഷ് യാദവ്, അന്‍കേഷ് യാദവ് എന്നിവര്‍ തീപ്പെട്ടി ചോദിച്ച് എത്തിയത്. എന്നാല്‍ തീപ്പെട്ടി നല്‍കാന്‍ ലാല്‍ജി തയ്യാറാകാത്തതോടെ ഇരുവരും വടികൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കൊല്ലപ്പെട്ടിരുന്നതായി എ എസ് പി ടിഎസ് ഭാഗല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികളായ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ലാല്‍ജിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 8.25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗ്രാമത്തില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.