വീട്ടിലിരുന്ന് തുന്നിയ വസ്ത്രങ്ങൾ കടയില്‍ നല്‍കാന്‍ ഭർത്താവ് മകളും പോയതിനാല്‍ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
തൃശ്ശൂർ: തൃശ്ശൂർ പഴുവിൽ യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. തൃപ്രയാറിൽ തയ്യൽ കട നടത്തുകയാണ് സുൽഫത്ത്. വീട്ടിലിരുന്ന് തുന്നിയ വസ്ത്രങ്ങൾ കടയില്‍ നല്‍കാന്‍ ഭർത്താവ് മകളും പോയതിനാല്‍ സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തുന്നിയ വസ്ത്രം വാങ്ങാൻ വീട്ടിലെത്തിയ അയല്‍വാസി വിളിച്ചിട്ട് വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ അടുക്കള ഭാഗത്തെ വാതിൽ ബലം പ്രയോഗിച്ച് തുറന്ന് അകത്ത് എത്തിയപ്പോൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. സമീപത്ത് നിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തു. നാളെയാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ അതിന് ശേഷം മാത്രമേ ലഭ്യമാകൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

