കാസർകോട്: വെസ്റ്റ് എളേരി നാട്ടക്കലിൽ ദളിത് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെയോടെയാണ് നാട്ടക്കൽ സ്വദേശി ദിനേശൻ- ലക്ഷ്മി ദമ്പതികളുടെ മകൻ പതിനഞ്ച് വയസുകാരൻ ജിഷ്ണുവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടിക്കിടെ കുട്ടിയുടെ കഴുത്തിൽ മുറിപ്പാടുകൾ കണ്ടെത്തി. മൃതദേഹം പൊലീസ് സർജന്‍റെ സാന്നിധ്യത്തിൽ പോസ്റ്റ്‍മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടേത് തൂങ്ങി മരണമാണെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കുന്നു. 

പത്താംക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു ജിഷ്ണു. രാവിലെ എട്ട് മണിയോടെ ജിഷ്ണുവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടു എന്നാണ് ബന്ധുക്കൾ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നടന്ന ഇൻക്വസ്റ്റ് നടപടിക്കിടെയാണ് കുട്ടിയുടെ കഴുത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയത്. തുടർന്ന് നാട്ടക്കലിൽ വീണ്ടും എത്തി പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്തു. അപ്പോഴാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് അവർ സമ്മതിച്ചത്.

നാളെ രാവിലെ നടക്കുന്ന പോസ്റ്റ‍്‍മോർട്ടത്തിന് ശേഷം മാത്രമേ കുട്ടിയുടെ മരണം സംഭവിച്ചത് എങ്ങനെ എന്ന കാര്യത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിക്കുന്നു. മരണത്തിൽ ദുരൂഹതയുണ്ട്. വിശദമായ അന്വേഷണം തന്നെ വേണം എന്നാണ് വെള്ളരിക്കുണ്ട് പൊലീസ് വ്യക്തമാക്കുന്നത്.