ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. മുന്‍ ഗ്രാമമുഖ്യനും മറ്റൊരാളും ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. കാണ്‍പൂര്‍ ദേഹത് ജില്ലയിലാണ് സംഭവം. ആക്രമണം നടന്നിട്ട് ഒരാഴ്ചയായെങ്കിലും കൂട്ടബലാത്സംഗത്തിന്റെ വിവരം പൊലീസില്‍ അറിയിക്കുന്നത് ഞായറാഴ്ചയായിരുന്നുവെന്ന് കാണ്‍പൂര്‍ ദേഹത് പൊലീസ് സൂപ്രണ്ട് കേശവ് കുമാര്‍ ചൗദരി പറഞ്ഞു. 

ആക്രമിക്കപ്പെട്ട 22കാരിയുടെ രക്ഷിതാക്കളാണ് പരാതിയുമായി പൊലീസിന് മുന്നില്‍ എത്തിയത്. പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചുകയറുകയായിരുന്നു. ഈ സമയം യുവതി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. യുവതിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഇരുവരും മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. 

യുവതിക്ക് നേരെയുണ്ടായ ആക്രമണം പുറംലോകമറിഞ്ഞാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുവരും മടങ്ങിയതെന്നും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.