ചെന്നൈ: നൃത്തം പഠിക്കാനെത്തിയ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ നൃത്താധ്യാപകൻ അറസ്റ്റിൽ. 53കാരനായ ബാലസുബ്രഹ്മണ്യന്‍ എന്ന രവിശര്‍മ്മയാണ് അറസ്റ്റിലായത്. തമിഴ്‍നാട്ടിലെ ആവടിയിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ആവടി പൊലീസ് രവിശര്‍മ്മയെ അറസ്റ്റ് ചെയ്തത്. പോസ്കോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ നാല് വര്‍ഷമായി രത്‍നാലയ എന്ന പേരില്‍ പ്രതി നടത്തുന്ന നൃത്ത വിദ്യാലയത്തിൽ പെൺകുട്ടി ഭരതനാട്യം പഠിക്കാൻ പോകാറുണ്ട്. ഒക്ടോബര്‍ 28 മുതല്‍ കുട്ടിയെ രാവിലെ എട്ട് മണിക്ക് ഡാന്‍സ് ക്ലാസിലേക്ക് അയക്കണമെന്ന് രവിശര്‍മ്മ അമ്മയോേട് ആവശ്യപ്പെട്ടിരുന്നു. മകൾക്കൊപ്പം നൃത്തം അവതരിപ്പിക്കുന്നതിനായുള്ള പരിശീലനത്തിന് വേണ്ടിയാണെന്ന് പറഞ്ഞായിരുന്നു മകളെ നേരത്തെ നൃത്ത വിദ്യാലയത്തിൽ എത്തിക്കാൻ രവിശര്‍മ്മ ആവശ്യപ്പെട്ടതെന്ന് കുട്ടിയുടെ അമ്മ പരാതിയില്‍ പറയുന്നു.

പിറ്റേന്ന് രാവിലെ മകളെ ഡാൻസ് ക്ലാസ്സിലേക്ക് അയച്ചശേഷം പതിനൊന്നര മണിക്ക് കൂട്ടാൻ പോയി. പെൺകുട്ടി പീഡനവിവരം വീട്ടിൽ പറയുന്നത് വരെ ഇത് തുടർന്നു. നവംബർ ഒന്നിന് ഡാൻസ് ക്ലാസ്സിലെ ഒരു വിദ്യാർത്ഥിനി നൃത്തം പഠിക്കുന്നത് നിർത്തിയതായി പെൺകുട്ടി അമ്മയെ അറിയിച്ചിരുന്നു. നൃത്താധ്യാപകൻ കെട്ടിപ്പിടിച്ചതാണ് വിദ്യാർത്ഥിനി പോകാന്‍ കാരണമെന്നും പെൺകുട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഒക്ടോബർ 29ന് നൃത്താധ്യാപകൻ തന്നെയും പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി അമ്മയെ അറിയിക്കുകയായിരുന്നു.

തുടർന്ന് വിവരം അമ്മ ബന്ധുക്കളെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ക്ലാസ്സിലെ മറ്റ് കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അപമാനിക്കുകയും ചീത്തവിളിക്കുകയും ചെയ്തെന്നാരോപിച്ച് മദ്രാസ് ഹൈക്കോടതി അഭിഭാഷകയായ രവിശർമ്മയുടെ സഹോദരിക്കെതിരെയും രക്ഷിതാക്കൾ പൊലീസിലും ബാർ അസോസിയേഷനും പരാതി നൽകിയിട്ടുണ്ട്.