ബംഗളൂരു: ഡേറ്റിംഗ് ആപ്പുകള്‍ ഇന്ന് നഗരജനങ്ങള്‍ക്കിടയില്‍ പ്രശസ്തമാണ്. എന്നാൽ ഇത്തരം ആപ്പുകള്‍ ഒരുക്കുന്ന ചതിക്കെണിയും ഏറെയാണ്. ഡേറ്റിംഗിനായി ഒരു പങ്കാളിയെ കണ്ടെത്താൻ ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച 39 കാരന് നഷ്ടപ്പെട്ടത് 41,000 രൂപയാണ്. പണം നൽകിയില്ലെങ്കിൽ യുവാവിന്റെ നഗ്ന വീഡിയോകളും റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണങ്ങളും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ആപ്പ് വഴി പരിചയപ്പെട്ട യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. ആദ്യം ഭീഷണിക്ക് വഴങ്ങിയ ഇയാള്‍ സമ്മര്‍ദ്ദം ശക്തമായപ്പോള്‍ ബംഗളൂരു മഠിവാള  പോലീസ് സ്റ്റേഷനില്‍ പരാതി നൽകുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇതാണ്, വെങ്കട്ടപുര സ്വദേശിയായ കുമാറാണ് (പേര് സാങ്കൽപ്പികം) ഒരു ഓണ്‍ ലൈൻ ഡേറ്റിങ് അപ്ലിക്കേഷൻ വഴി കബളിപ്പിക്കപ്പെട്ടത്. മനീഷ അഗർവാൾ എന്നു സ്വയം പരിചയപ്പെടുത്തിയ യുവതിയുമായി അടുത്ത കുമാറിനെ പിന്നീട് യുവതി നിരന്തരം നഗ്നനായി വീഡിയോ കാൾ ചെയ്യുന്നതിനു പ്രേരിപ്പിക്കുകയായിരുന്നു. കാൾ റെക്കോർഡ് ചെയ്യുന്ന കാര്യം കുമാർ അറിഞ്ഞിരുന്നില്ല. 

റെക്കോർഡ് ചെയ്ത ഫോൺകാളുകൾ യു ട്യൂബ് , ടിക് ടോക് , വാട്സ് ആപ് ,ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ സൈറ്റുകളിൽ അപ്ലോഡ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ യുവതി പണം നൽകിയാൽ ഇവ ഡിലീറ്റ് ചെയ്യുമെന്നുമറിയിക്കുകയായിരുന്നു. ഭീഷണിക്ക് വഴങ്ങിയ കുമാർ പല തവണകളായി രണ്ടു മൊബൈൽ നമ്പറുകളിലേക്ക് 41,000 രൂപ ഇ-വാലറ്റ് വഴി അയക്കുകയും ചെയ്തു.

വീണ്ടും പണമാവശ്യപ്പെട്ടപ്പോഴാണ് കുമാർ പോലീസിൽ പരാതി നൽകിയത്. യുവതിയെ നേരിട്ട് കണ്ടിട്ടില്ലെന്നും ഓൺലൈൻ വഴിയാണ് ആശയവിനിമയം നടത്തിയതെന്നും ഇയാൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഡേറ്റിങ് അപ്ലിക്കേഷനുകളിൽ പലരും വ്യാജ അക്കൗണ്ടുകൾ വഴിയാണ് ആശയവിനിമയം നടത്തുന്നതെന്നതിനാൽ അവ അടിസ്ഥാനമാക്കി അന്വേഷണം നടത്തുകയെന്നത് പ്രാവർത്തികമല്ലെന്ന് ഒരു സീനിയർ പോലീസ് ഓഫീസർ പറയുന്നു.

കൂടാതെ പണമിടപാട് നടത്തിയ രണ്ടു നമ്പറുകളുടെ ലൊക്കേഷനുകൾ രണ്ട് സംസ്ഥാനങ്ങളിലാണെന്നും പോലീസ് വ്യക്തമാക്കുന്നു. ഇ വാലെറ്റ് വഴി നടത്തിയ ഓൺ ലൈൻ ഇടപാടുകളെ ആശ്രയിച്ച് യുവതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.