മുംബൈ: ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ ഇക്ബാൽ കസ്കറിന്‍റെ മകൻ റിസ്‌വാനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യനീക്കത്തിലൂടെയാണ് മുംബൈ പൊലീസ് റിസ്‌വാനെ കുടുക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ഡി കമ്പനിയുടെ കണ്ണികൾക്കായി വലവിരിച്ചതിനാൽ രാജ്യം വിടാൻ ശ്രമിക്കുകയായിരുന്നു റിസ്‌വാന്‍. കഴിഞ്ഞ ദിവസം രാത്രി റിസ്‌വാന്‍ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചു. ക്രൈം ബ്രാഞ്ച് വിഭാഗമാണ് ഇയാളെ പിടികൂടിയത്. റിസ്‌വാനെതിരെ ഹവാല പണമിടപാട്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ എന്നീ കേസുകളുണ്ട്. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാലിരുന്ന് നിയന്ത്രിക്കുന്ന ഡി കമ്പനിയുടെ ഇന്ത്യയിലെ പണമിടപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ മുംബൈ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.

ഇതേസമയം ദാവൂദിന്‍റെ വിശ്വസ്തനും ഛോട്ടാ ഷക്കീലിന്‍റെ അനുയായിയുമായ അഹമദ് റാസയും മുബൈ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ മാസം ദുബായിൽ അറസ്റ്റിലായ റാസയെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച വിമാനത്താവളത്തിൽ വച്ച് മുംബൈ പൊലീസ് റാസയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം മുതൽ അഹമദ് റാസയെ മുബൈ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ദാവൂദിന്‍റെ അടുത്ത അനുയായി ഫാഹിം മച്ച്മച്ചിന് ഛോട്ടാ ഷക്കീലിൽ നിന്നുള്ള നിർദേശങ്ങൾ കൈമാറി ഡി കമ്പനിയുടെ ഹവാല ബന്ധം ശക്തിപ്പെടുത്തിയിരുന്നത് ഇയാളാണെന്ന് പൊലീസ് പറയുന്നു.

ഡി കമ്പനി, മുംബൈ, താനെ, സൂറത്ത് എന്നിവടങ്ങളിൽ ഹവാല പണപിടപാടിലൂടെ ബിസിനസ് നടത്തുന്നു എന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ മുംബൈ പൊലീസിന് വിവരം നൽകിയിരിക്കുന്നത്. ഡി കമ്പനിയുടെ കൂടുതൽ സഹായികളെ കണ്ടെത്താൻ ക്രൈബ്രാഞ്ച് അന്വേഷണം തുടരുകയാണ്.