ജന്മനാടായ   മാന്താനിയിലേക്ക് പോകുന്നതിനിടെ രാമഗിരി എന്ന സ്ഥലത്തു വച്ചു മറ്റൊരു കാറിലെത്തിയ സംഘം കൊടുവാൾ ഉപയോഗിച്ച് ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

ഹൈദരാബാദ്∙ തെലങ്കാനയില്‍ അഭിഭാഷക ദമ്പതികളെ നടുറോട്ടില്‍ പട്ടാപ്പകല്‍ വെട്ടികൊലപ്പെടുത്തിയത് വന്‍ രാഷ്ട്രീയ വിവാദമാകുന്നു. തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമൻ റാവു (52), ഭാര്യ നാഗമണി (48) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭരണ കക്ഷിയായ ടിആർഎസാണ് കൊലയ്ക്കു പിന്നിലെന്ന് കുടുംബം ആരോപിച്ചതോടെ വലിയ രാഷ്ട്രീയ ചര്‍ച്ചയായി കൊലപാതകം മാറിയിരിക്കുകയാണ്. 

സംസ്ഥാന സർക്കാരിനെതിരെയുള്ള കേസുകളും പൊതു താൽപര്യ ഹർജികളും നൽകി ശ്രദ്ധേയരായ ഗുട്ടു വാമൻ റാവു, ഭാര്യ നാഗമണി ദമ്പതികള്‍. ഹൈദരാബാദിൽ നിന്നും ജന്മനാടായ മാന്താനിയിലേക്ക് പോകുന്നതിനിടെ രാമഗിരി എന്ന സ്ഥലത്തു വച്ചു മറ്റൊരു കാറിലെത്തിയ സംഘം കൊടുവാൾ ഉപയോഗിച്ച് ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2.15നും 2.30നും ഇടയിലായിരുന്നു സംഭവം നടന്നത്. കാറിൽ നിന്നു പിടിച്ചിറക്കി നിറയെ വാഹനങ്ങൾ കടന്നു പോകുന്ന ഹൈവേയിൽ ഇട്ടായിരുന്നു കൊലപാതകം. ഉടൻ തന്നെ അക്രമികൾ മറ്റൊരു കാറിൽ കയറി രക്ഷപെടുകയും

പട്ടാപ്പകല്‍ നടന്ന കൊലപാതകത്തിന്‍റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ വെട്ടുകൊണ്ട് പരിക്കേറ്റ ഗുട്ടു വാമൻ റാവു ഒരു പ്രദേശിക ടിആര്‍എസ് നേതാവിന്‍റെ പേര് പറയുന്നത് വ്യക്തമാണ്. ടിആര്‍എസ് മാന്താനി മണ്ഡലം പ്രസിഡന്‍റ് ശ്രീനിവാസിന്‍റെ പേരാണ് ഇത്. ഇയാള്‍ തന്നെയാണ് മാന്താനി ജില്ലാ പരിഷത്ത് പ്രസിഡന്റും. ഇയാള്‍ക്കെതിരെ ദമ്പതികൾ തെലങ്കാന ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു.

തുടര്‍ന്ന് കൊലചെയ്യപ്പെട്ട ദമ്പതികളുടെ പിതാവ് കൃഷ്ണ റാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീനിവാസ്, ഇയാളുടെ അനുയായി വസന്ത റാവു എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ ഇട്ടു. അപ്പക്ക കുമാര്‍ എന്നയാളും എഫ്ഐആറിലുണ്ട്. ഇവരെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അഭിഭാഷക ദമ്പതികളുടെ കസ്റ്റഡി മരണങ്ങൾ ചോദ്യം ചെയ്തുള്ള ഇവരുടെ പൊതു താൽപര്യ ഹർജികൾ സർക്കാരിന് കടുത്ത സമ്മർദവും ഉണ്ടാക്കിയിരുന്നുവെന്നും. ഇതിന്റെ പേരിൽ വധഭീഷണി ഉണ്ടായിരുന്നുവെന്ന് ഗുട്ടുവാമൻ റാവുവിന്റെ പിതാവ് വെളിപ്പെടുത്തി. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നു തെലങ്കാന ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. സിറ്റിങ് ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയതോടെ സർക്കാർ സമ്മർദത്തിലായി.

അതേ സമയം സംഭവം വളരെ ദൌര്‍ഭാഗ്യകരമെന്നും പ്രതികള്‍ എത്ര സ്വദീനമുള്ളവരായാലും രക്ഷപ്പെടില്ലെന്നാണ് തെലങ്കാന ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.