മൂന്ന് മാസത്തോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ ആൾ താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ നിന്ന് ജീർണ്ണിച്ച മൃതദേഹം കണ്ടെത്തി. കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ആദ്യം കണ്ടത്. പൊലീസും വിരളടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി

Add Asianetnews as a Preferred SourcegooglePreferred

അഞ്ചുതെങ്ങ് നെടുങ്കണ്ടയിലാണ് ആൾതാമസം ഇല്ലാത്ത വീട്ടിലെ കിണറ്റിൽ നിന്നാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.മൂന്ന് മാസത്തോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസത്തോളമായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. വിദേശത്ത് താമസം ആക്കിയിരുന്ന വീട്ടുടമസ്ഥർ നാട്ടിലേക്ക് വരാൻ തീരുമാനിച്ചതോടെ വീടും പുരയിടവും വൃത്തിയാക്കാൻ തൊഴിലാളികളെ നിർത്തിയിരുന്നു. 

കിണർ വൃത്തിയാക്കാനെത്തിയ ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. കിണറ്റിൽ നിന്ന് കൈപത്തിയുടെ അവശിഷ്ടം ലഭിച്ചതോടെ തൊഴിലാളികൾ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അഞ്ചുതെങ് പോലീസും വിരളടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പൊലിസ് അറിയിച്ചു. പ്രദേശത്തെ പോലീസ് സ്റ്റേഷനുകളിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള മിസ്സിങ് കേസുകളുമായി ബന്ധപ്പെടുത്തി അന്വേഷണം നടത്തുമെന്നും അഞ്ചുതെങ്ങ് പൊലിസ് അറിയിച്ചു.