ഭക്ഷണം കഴിക്കാൻ പോകുമ്പോഴായിരുന്നു അനീഷിനുനേരെ ആക്രമണം ഉണ്ടായത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു. തടവുകാരായ അമ്പായത്തോട് അഷ്റഫ്, ഹുസൈന്‍ എന്നിവരാണ് ആക്രമിച്ചത്. ആശുപത്രി ബ്ലോക്കില്‍ നിന്ന് ഉച്ചഭക്ഷണത്തിനിറക്കിയപ്പോഴായിരുന്നു സംഭവം. ആക്രമണം തടയാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥനും പരിക്കേറ്റു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് ആക്രമണത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

തെക്കുനിന്നും വടക്കുനിന്നുമുള്ള ഗുണ്ടകളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കോടതി ഉത്തരവ് പ്രകാരം ജയിലിലെ ആശുപത്രി ബ്ലോക്കിലാണ് പ്രവേശിപ്പിച്ചിരുന്നത്. ജയില്‍ ജീവനക്കാരന്‍ ബിനോയ് ഉച്ചയ്ക്ക് ഭക്ഷണം നല്‍കാനായി അനീഷിനെ പുറത്തിറക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഡോക്ടറെ കാണണമെന്ന് പറഞ്ഞ് ആശുപത്രി ബ്ലോക്കിലെത്തിയ അമ്പായത്തോട് അഷ്റഫും ഹുസൈനുമാണ് ആക്രമണം നടത്തിയത്. കൈയ്യില്‍ കരുതിയിരുന്ന ബ്ലേഡും ഇരുമ്പ് സ്കെയിലിന്‍റെ കഷണവും കൊണ്ടാണ് അനീഷിനെ ആക്രമിച്ചത്. തലയിലും ശരീരത്തും പരിക്കേറ്റ അനീഷിനെ ഉടന്‍ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

അനീഷിനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്ന ജയില്‍ ജീവനക്കാരന്‍ ബിനോയിക്കും പരിക്കേറ്റിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ് ആക്രണത്തിന് കാരണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ജയില്‍ സൂപ്രണ്ടിന്‍റെ പരാതിയില്‍ കേസെടുക്കുമെന്ന് വിയ്യൂര്‍ പൊലീസും അറിയിച്ചു. നേരത്തെയും ജയിലില്‍ നിരന്തരം കുഴപ്പങ്ങളുണ്ടാക്കിയ ആളാണ് അഷ്റഫ്. കോഴിക്കോട് ജയിലില്‍ ഗ്യാസ് കുറ്റികൊണ്ട് ജയില്‍ ജീവനക്കാരനെ ആക്രമിച്ച പ്രതിയാണ്. കഴിഞ്ഞ ആഴ്ച അതീവ സുരക്ഷാ ജയിലില്‍ കൊടി സുനിയുടെ നേതൃത്വത്തില്‍ നടന്ന കലാപത്തെത്തുടര്‍ന്നാണ് അഷ്റഫിനെ വിയ്യൂരിലേക്ക് മാറ്റിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്