തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും മകളും കൊല്ലപ്പെട്ട വാഹനാപകടം അന്വേഷിക്കുന്ന സിബിഐ സംഘം ബാലുവിന്‍റെ അടുത്ത സുഹൃത്തുക്കളായ വിഷ്ണു സോമസുന്ദരത്തെയും,പ്രകാശന്‍ തമ്പിയെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചു. സ്വര്‍ണക്കടത്തു സംഘങ്ങളുമായി ഉളള ബന്ധത്തെ കുറിച്ച് ഇരുവരും നല്‍കിയ മൊഴികളില്‍ വൈരുധ്യം കണ്ടതിനെ തുടര്‍ന്നാണ് നുണ പരിശോധന. വാഹനാപകടം ആസൂത്രിതമെന്നാരോപിച്ച കലാഭവന്‍ സോബിയ്ക്ക് നുണപരിശോധന നടത്താനുളള അപേക്ഷയും നാളെ സിബിഐ കോടതിയില്‍ സമര്‍പ്പിക്കും.

ബാലഭാസ്കര്‍ കൊല്ലപ്പെട്ട വാഹനാപകടം നടന്ന് മാസങ്ങള്‍ക്കകമാണ് ഉറ്റസുഹൃത്തുക്കളായ പ്രകാശന്‍ തമ്പിയും,വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലാകുന്നത്. പിന്നാലെ ബാലുവിന്‍റെ മരണത്തില്‍ സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നു. എന്നാല്‍ ബാലു ജീവിച്ചിരുന്ന കാലത്ത് സ്വര്‍ണക്കടത്ത് നടത്തിയിരുന്നില്ലെന്ന മൊഴിയാണ് പ്രകാശന്‍ തമ്പിയും,വിഷ്ണുവും സിബിഐയ്ക്ക് നല്‍കിയത്. 

പക്ഷേ ഇതേ പറ്റി ഇരുവരും നല്‍കിയ മൊഴികള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നാണ് വിലയിരുത്തല്‍. ഗൃഹോപകരണങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് ദുബായില്‍ വിഷ്ണു ഒരു സ്ഥാപനം തുടങ്ങിയിരുന്നു. ബാലഭാസ്കറിന്‍റെ പക്കല്‍ നിന്ന് ഈ സ്ഥാപനത്തിനായി അമ്പതു ലക്ഷം രൂപയും വാങ്ങി.എന്നാല്‍ ബാലുവിന്‍റെ മരണം വരെ ഈ പണം വിഷ്ണു തിരികെ കൊടുത്തിരുന്നില്ലെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല സ്വര്‍ണക്കടത്തു സംഘങ്ങളെ സഹായിച്ചതിന് പിടിയിലായ തിരുവനന്തപുരം വിമാനത്താവളത്തിലെ മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ഈ സ്ഥാപനത്തില്‍ ഇരുപത് ശതമാനം ഓഹരിയുണ്ടെന്ന കണ്ടെത്തലും ദുരൂഹത വര്‍ധിപ്പിക്കുന്നു. 

ഈ സാഹചര്യത്തിലാണ് വിഷ്ണുവിനെയും പ്രകാശന്‍ തമ്പിയെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാനുളള തീരുമാനം. അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന ബാലുവിന്‍റെ ഡ്രൈവര്‍ അര്‍ജുന്‍റെ നുണ പരിശോധനയും നടത്തും. അപകട സമയത്ത് ബാലുവാണ് വാഹനമോടിച്ചതെന്ന അര്‍ജുന്‍റെ മൊഴിയ്ക്കു പിന്നിലെ വസ്തുതയറിയാനാണ് നുണപരിശോധന. വാഹനാപകടത്തിനു മുമ്പ് ബാലു ആക്രമിക്കപ്പെട്ടിരുന്നെന്ന് കലാഭവന്‍ സോബി മൊഴി നല്‍കിയെങ്കിലും ഇത് സാധൂകരിക്കാന്‍ പോന്ന മറ്റുതെളിവുകളൊന്നും സിബിഐയ്ക്ക് ലഭിച്ചിട്ടില്ല. 

സോബി തെറ്റായവിവരങ്ങളാണ് നല്‍കുന്നതെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട് അതിനാലാണ് സോബിയെ നുണ പരിശോധന നടത്താനുളള തീരുമാനം. ബാലുവിന്‍റെ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസിയോടും മൊഴിയെടുക്കലിന് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.നിലവില്‍ ബാലുവിന്‍റെ മരണത്തിനു പിന്നില്‍ അട്ടിമറി സംശയിക്കാന്‍ പോന്ന തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നും സിബിഐ സംഘം വ്യക്തമാക്കി.