നീണ്ടകരയിലെ ഇതരസംസ്ഥാന തൊഴിലാളി മരിച്ചത് ക്രൂരമർദ്ദനത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബംഗാൾ സ്വദേശി ശ്രീഹരി സാഹുവിന്‍റെ ആന്തരികാവയവങ്ങൾക്ക് ഗുരുതര മുറിവുകളുണ്ടായെന്നും കണ്ടെത്തി
കൊല്ലം: നീണ്ടകരയിലെ ഇതരസംസ്ഥാന തൊഴിലാളി മരിച്ചത് ക്രൂരമർദ്ദനത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബംഗാൾ സ്വദേശി ശ്രീഹരി സാഹുവിന്‍റെ ആന്തരികാവയവങ്ങൾക്ക് ഗുരുതര മുറിവുകളുണ്ടായെന്നും കണ്ടെത്തി. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു.
മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി കൂടെ ജോലി ചെയ്യുന്ന മറ്റ് രണ്ട് തൊഴിലാളികൾക്ക് ഒപ്പം ബോട്ടിലേക്ക് പോകുന്ന വഴി നീണ്ടകര മാമൻ തുരുത്തിൽ വെച്ചാണ് മദ്യലഹരിയിൽ അക്രമിസംഘം ശ്രീഹരി സായ് എന്ന മുപ്പത്തിയെട്ടുകാരനെ തല്ലിക്കൊന്നത്. വയറ്റിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
മർദ്ദനത്തിൽ കുടൽ തകർന്നു. ശരീരത്തിലാകെ മർദ്ദനമേറ്റതിന്‍റെ പാടുകളുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മർദ്ദനമെന്നാണ് പൊലീസ് കണ്ടെത്തൽ. നീണ്ടകര സ്വദേശികളായ ആൻറണി ജോര്‍ജ് , ആൽബിൻ, ശക്തികുളങ്ങര സ്വദേശി ക്രിസ്റ്റി ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. സംഭവ ദിവസം തന്നെ ക്രിസ്റ്റി ജെയിംസും ആന്‍റണി ജോർജും പിടിയിലായിരുന്നു.
ഒളിവിൽ കഴിയുകയായിരുന്ന ആൽബിനെ ചവറ പൊലീസ് സംഘം ഇന്ന് പിടികൂടി. ആന്‍റണി ജോർജിന്‍റെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന ബോട്ടുകളുടെ മാനേജരാണ് ക്രിസ്റ്റി ജെയിംസ്. മൂന്നു പെൺകുഞ്ഞുങ്ങളുടെ പിതാവാണ് ശ്രീഹരി സായ്. പണമില്ലാത്തതു മൂലം മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളാരും ഇനിയും നാട്ടിൽ എത്തിയിട്ടില്ല.
