രാജസ്ഥാൻ: ദില്ലിയിലെ നിർഭയ കേസ് പോലെ ഏറെ കോളിളക്കം സൃഷ്ടിച്ച നവാബ്​ഗഞ്ച് കൂട്ടബലാത്സം​ഗത്തിലെ പ്രതികൾക്ക് വധശിക്ഷ.  പന്ത്രണ്ട് വയസ്സുളള ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കാണ് ബറേലിയിലെ പോക്‌സോ കോടതി വധശിക്ഷ വിധിച്ചത്.പ്രതികളായ മുരാരിലാല്‍, ഉമാകാന്ത് എന്നിവരെയാണ് മരണം വരെ തൂക്കിലിടാന്‍ കോടതി വിധിച്ചത്.

2016 ജനുവരി 29 നായിരുന്നു സംഭവം നടന്നത്. കരിമ്പിൻ കൃഷിത്തോട്ടത്തിലേക്ക്  പോയ പെൺകുട്ടി മടങ്ങിവന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മഹേന്ദ്ര എന്നയാളുടെ കൃഷിയിടത്തിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ക്രൂരബലാത്സം​ഗത്തിനിരയായ പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളില്‍  കമ്പ് തറച്ചുകയറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്.

മാതാപിതാക്കളോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തിയിരുന്നു. നവാബ്​ഗഞ്ച് പൊലീസ് ഇൻസ്പെക്ടറായ ആർ. കെ സിം​ഗ് ആണ്  2016 ജനുവരി 31ന് പ്രതികളിലൊരാളായ മുരാരിലാലിനെ അറസ്റ്റ് ചെയ്ത് കേസ് തെളിയിച്ചത്. പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടിയുടെ ശരീരത്തിൽ‌ ധാരാളം മുറിവികൾ കണ്ടെത്തിയിരുന്നതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു. പോക്സോ നിയമത്തിലെ പ്രത്യേക കോടതിയിൽ പ്രത്യേക ജഡ്ജ് ആണ്  ഈ കേസ് കൈകാര്യം ചെയ്തത്.