കോഴിക്കോട്: പെരുവണ്ണാമുഴി വട്ടക്കയത്ത് നിന്നും മാനിറച്ചി ഉൾപ്പടെയുള്ള വസ്തുക്കൾ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് സാധനങ്ങൾ പിടിച്ചെടുത്തത്. പരുത്തിപ്പാറ വാസു, പരുത്തിപ്പാറ വിനീത് എന്നിവരുടെ വീടുകളിൽ സൂക്ഷിച്ചിരുന്ന മലമാനിറച്ചി, കാട്ടുപന്നിനെയ്യ്, മയിൽ‌പീലി, പെരുമ്പാമ്പിന്റെ നെയ്യ് എന്നിവയും മൃഗൃങ്ങളെ വേട്ടയാടാൻ ഉപയോഗിച്ചിരുന്ന ആയുധങ്ങളുമാണ് പിടിച്ചെടുത്തത്. 

പന്നിക്കോട്ടൂർ റിസർവ് ഫോറസ്റ്റിന് സമീപം ഇവർക്ക് റബ്ബർ തോട്ടം ഉണ്ട്. തോട്ടത്തിനകത്തും പരിസരത്തും ആഴത്തിൽ കുഴികളെടുത്താണ് മൃഗങ്ങളെ പിടിച്ചിരുന്നത്. കശാപ്പ് ചെയ്ത ശേഷം വിൽപ്പന നടത്തും. വാസുവിന്‍റെ വീട്ടിൽ മലമാനിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. വിനീതാണ് ഇറച്ചി എത്തിച്ച് നൽകിയതെന്ന വാസുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ വിനീതിന്‍റെ വീട്ടിലും പരിശോധന നടത്തുകയായിരുന്നു. വിനീതും ഇവരുടെ സഹായിയായ വാസുവിന്‍റെ മകൻ സുബിനും ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം തുടരുകയാണ് .