റോത്തക്ക്: ഹരിയാന റോത്തക്കിലെ ഗുസ്തി പരിശീലനകേന്ദ്രത്തിൽ നടന്ന വെടിവപ്പുമായി ബന്ധപ്പെട്ട പ്രധാനപ്രതി അറസ്റ്റിൽ. വെടിവെപ്പിൽ പരിശീലനകേന്ദ്രത്തിന്റെ ഉടമസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. പരിശീലനകേന്ദ്രത്തിലെ ജീവനക്കാരനായ സുഖ് വേന്ദ്രറാണ് പിടിയിലായത്. ജോലിയിൽ നിന്ന് പുറത്താക്കിയതിനുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് റോത്തക്കിലെ മെഹർ സിങ് അഖാഡിയിലെ ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവപ്പ് നടന്നത്. വെടിവെപ്പിൽ ഉടമസ്ഥൻ മനോജ്, ഭാര്യ സാക്ഷി, ജീവനക്കാരാനായ സതീഷ്, പ്രദീപ്, പരിശീലനത്തിനെത്തിയ പൂജ എന്നിവർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മനോജിന്റെ രണ്ടര വയസുള്ള കുഞ്ഞ് അടക്കം രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. 

തോക്കുമായി പരിശീലന കേന്ദ്രത്തിൽ എത്തിയ മുൻജീവനക്കാരാനാണ് അതിക്രമം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദില്ലിക്ക് കടന്ന ഇയാളെ സമീർപൂർ ബാദിലിയിൽ നിന്ന് ദില്ലി പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. 

മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് ഹരിയാന പൊലീസ് പറഞ്ഞു. പരിശീലനത്തിനിടെ സുഖ്വേന്ദ്രർ മോശമായി പെരുമാറിയെന്ന് കൊല്ലപ്പെട്ട പൂജ ഉടമസ്ഥൻ മനോജിന് പരാതി നൽകിയിരുന്നു. ഇതെതുടർന്ന് ഇയാളെ ഇവിടെ നിന്ന് പുറത്താക്കി. 

ഇതിന്റെ പകയിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൊലയ്ക്ക് മറ്റാരുടെ എങ്കിലും സഹായമുണ്ടോ എവിടെ നിന്നാണ് ആയുധം കിട്ടിയത് അടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.