പെരുമ്പടപ്പിൽ അമൽ എന്ന യുവാവ് വാഹനമിടിച്ച് മരിച്ച കേസിൽ പ്രതി പിടിയിൽ. തൊടുപുഴ കല്ലൂര്‍ കൂടിയകത്ത് ആന്റോ യാണ് അറസ്റ്റിലായത്. 

മലപ്പുറം: പെരുമ്പടപ്പിൽ അമൽ എന്ന യുവാവ് വാഹനമിടിച്ച് മരിച്ച കേസിൽ പ്രതി പിടിയിലായി. തൊടുപുഴ കല്ലൂര്‍ കൂടിയകത്ത് ആന്റോ യാണ് അറസ്റ്റിലായത്. അപകടത്തിനു ശേഷം ആൻ്റോ ഗുഡ്സ് ഓട്ടോ നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. സിസിടിവികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായത്. എന്നാൽ അപകടമുണ്ടാക്കിയ ഡ്രൈവറുടെ നിഷ്ക്രിയത്വമാണ് അമലിനെ മരണത്തിലേക്ക് തള്ളിവിട്ടത്.

ഭയം കൊണ്ടാണ് അപകടത്തിൽ പെട്ടയാളെ ആശുപത്രിയെലെത്തിക്കുകയോ വിവരം പൊലീസിനെ അറിയിക്കുകയോ ചെയ്യാതിരുന്നതെന്നാണ് ആന്റോ പൊലീസിനോട് പറഞ്ഞത്. അതേസമയം കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നെന്ന് ഡോക്ടർ പറയുന്നു. മൂന്നു മണിക്കൂറോളം റോഡിൽ കിടന്നാണ് 20-കാരനായ അമൽ മരിച്ചതെന്നും ഡോക്ടർ പറഞ്ഞു.

ശനിയാഴ്ച പുലർച്ചെയാണ് പെരുമ്പടപ്പ് സ്വദേശി അമലിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടിച്ച വാഹനം നിർത്താതെ പോവുകയും ഇക്കാര്യം പൊലീസ് സ്റ്റേഷനിലടക്കം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നില്ല. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു ആന്റോ പിടിയിലായത്.