പെൺകുട്ടികളെ കിട്ടാൻ പ്രയാസമാണെങ്കിൽ തനിക്കൊപ്പം വരൂ ഇരുപതോ ഇരുപത്തയ്യായിരമോ നൽകിയാൽ ബിഹാറിൽ നിന്ന് പെൺകുട്ടികളെ കിട്ടും എന്നാണ് ഗിർധാരി ലാൽ സാഹു പറയുന്നത്

പട്ന: പൊതുപരിപാടിയിൽ വച്ച് ബിഹാറിലെ സ്ത്രീകൾക്ക് നേരെ അധിക്ഷേപ പരാമർശവുമായി ഉത്തരാഖണ്ഡ് മന്ത്രിയുടെ ഭർത്താവ്. ഉത്തരാഖണ്ഡ് വനിതാ ശിശുക്ഷേമ മന്ത്രി രേഖ ആര്യയുടെ ഭർത്താവ് ഗിർധാരി ലാൽ സാഹുവാണ് വിവാദങ്ങളിൽ കുടുങ്ങിയത്. വിവാഹം ചെയ്യാനായി ഇരുപതിനായിരമോ ഇരുപത്തയ്യായിരമോ നൽകിയാൽ ബിഹാറി പെൺകുട്ടികളെ കിട്ടുമെന്നാണ് ബിജെപി നേതാവിന്റെ ഭർത്താവ് ഒരു പൊതുപരിപാടിയിൽ പ്രസംഗത്തിനിടെ പറഞ്ഞത്. വലിയ രീതിയിലുള്ള പ്രതിഷേധമാണ് പരാമർശം നേരിടുന്നത്. വനിതാ ശിശുക്ഷേമ മന്ത്രിയുടെ ഭർത്താവ് യുവാക്കളുമായി സംവദിക്കുമ്പോഴാണ് വിവാദ പരാമർശം നടത്തിയത്. യുവാക്കളുടെ വിവാഹം ചെയ്തവരാണോ എന്ന വിഷയത്തിലാണ് വിവാദ പരാമർശം നടന്നത്. പെൺകുട്ടികളെ കിട്ടാൻ പ്രയാസമാണെങ്കിൽ തനിക്കൊപ്പം വരൂ ഇരുപതോ ഇരുപത്തയ്യായിരമോ നൽകിയാൽ ബിഹാറിൽ നിന്ന് പെൺകുട്ടികളെ കിട്ടും എന്നാണ് ഗിർധാരി ലാൽ സാഹു പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ വീഡിയോ ദൃശ്യം വൈറലായി. പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രൂക്ഷമായ വിമർശനമാണ് ഗിർധാരി ലാൽ സാഹുവിനും ഭാര്യയ്ക്കും നേരെയുയരുന്നത്. അൽപമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ ബിജെപി പൊതുവിടത്തിൽ മാപ്പ് പറയണമെന്നാണ് ആർജെഡി വക്താവ് ചിത്രരഞ്ജൻ ഗംഗൻ പ്രതികരിച്ചത്. 

മന്ത്രിയെ ക്യാബിനെറ്റിൽ നിന്ന് പുറത്താക്കുകയും ബിജെപി അംഗത്വത്തിൽ നിന്ന് ഗിർധാരി ലാൽ സാഹുവിനെ പുറത്താക്കണമെന്നും ആർജെഡി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ഉത്തരാഖണ്ഡിലെ അൽമോറയിൽ നടന്ന പരിപാടിയിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിമർശനം ശക്തമാവുന്നത്. സംഭവത്തിൽ ഗിർധാരി ലാൽ സാഹുവിനെതിരെ ബിഹാർ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. ബിജെപി മന്ത്രിയുടെ ഭര്‍ത്താവിന്‍റെ പ്രസ്താവനയില്‍ പാര്‍ട്ടിയും വിഷമസന്ധിയിലായിട്ടുണ്ട്. പരാമർശം ഇന്ത്യയിലെ സ്ത്രീകളെ തന്നെ അപമാനിക്കുന്നതാണെന്ന് കോൺഗ്രസ് പ്രതികരിച്ചത്. . ഇത്തരത്തിലുള്ള ചിന്തകള്‍ മനുഷ്യക്കടത്ത്, ശൈശവ വിവാഹം, സ്ത്രീകളെ ചൂഷണം ചെയ്യൽ തുടങ്ങിയ സാമൂഹിക തിന്മകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് കോൺഗ്രസ് മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്‍റ് ജ്യോതി റൗട്ടേല പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം