selling cannabis ഈരാറ്റുപേട്ടയിൽ  നായ് വളർത്തൽ കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. തീക്കോയി മുപ്പതേക്കറിലെ വീട്ടിൽ നിന്ന്  ആറര കിലോയോളം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.

കോട്ടയം: ഈരാറ്റുപേട്ടയിൽ നായ് വളർത്തൽ കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം (Selling cannabis) നടത്തിയിരുന്ന കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. തീക്കോയി മുപ്പതേക്കറിലെ വീട്ടിൽ നിന്ന് ആറര കിലോയോളം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. തീക്കോയി മംഗളഗിരി മുപ്പതേക്കറിലാണ് ആളൊഴിഞ്ഞ മേഖലയിലെ ഒറ്റപ്പെട്ട വീട്ടിലെ കഞ്ചാവ് കേന്ദ്രം കണ്ടെത്തിയത്.

ഈരാറ്റുപേട്ട സ്വദേശിയുടെ പക്കൽ നിന്നും വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചു വീറ്റിരുന്നത്. കടുവാമുഴി സ്വദേശികളായ ഷാനവാസ്, നിഷാദ് എന്നിവർ റൈഡിന് എത്തിയ സംഘത്തെ കണ്ട് ഇരുചക്ര വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. ഇവരുടെ സഹായി സഞ്ചുവിനെ പൊലീസ് പിടികൂടി. 

പ്രധാന റോഡിൽ നിന്നും ഒരു കിലോമീറ്ററോളം ഉള്ളിലായി റബർ തോട്ടത്തിന് നടുവിലെ ചെറിയ വീട്ടിലായിരുന്നു കഞ്ചാവ് വിൽപന. നായ വളർത്തലും വിൽപനയും എന്നാണ് പറഞ്ഞിരുന്നതെങ്കിലും രാത്രികാലങ്ങളിലടക്കം വാഹനങ്ങൾ വന്നു പോകുന്നത് പ്രദേശവാസികൾ ശ്രദ്ധിച്ചിരുന്നു. ഈരാറ്റുപേട്ട എസ് ഐ വി വി വിഷ്ണുവിന് ലഭിച്ച

രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. അൽസേഷ്യൻ, ലാബ് തുടങ്ങി എട്ടു മുന്തിയ ഇനം നായ്ക്കളും വീട്ടിലുണ്ടായിരുന്നു. ഇരുപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഇവയുടെ വിലയെന്ന് പൊലീസ് പറയുന്നു. പ്രതികൾ ഓടി രക്ഷപ്പെട്ടതോടെ വീട്ടിലുണ്ടായിരുന്ന നായ്ക്കളെ പ്രതികളുടെ ബന്ധുക്കൾക്ക് കൈമാറി. ഓടി രക്ഷപെട്ട ഷാനവാസ് സ്ഥിരം കഞ്ചാവ് വിൽപനക്കാരനാണെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.