ദില്ലി: ദില്ലിയില്‍ ബലാത്സംഗ ശ്രമം പുറംലോകമറിയാതിരിക്കാന്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ ദമ്പതികള്‍ കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ അമ്മാവന്‍ ആണ് അവളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇക്കാര്യം പെണ്‍കുട്ടി പുറത്തുപറയാതിരിക്കാന്‍ ഇയാളും ഭാര്യയും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തി, മൃതദേഹം പെട്ടിയിലാക്കുകയായിരുന്നു. 

കഴിഞ്ഞ മാസമാണ് കൊലപാതകം നടന്നത്, 51കാരനായ അമ്മാന്‍ വകീല്‍ പൊഡര്‍ക്കും 45കാരിയായ പൊഡറുടെ ഭാര്യയ്ക്കുമൊപ്പമാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. ഒക്ടോബര്‍ 23 മുതല്‍ കുട്ടിയെ കാണാന്‍ ഇല്ലായിരുന്നു. കുട്ടിയുടെ മൃതദേഹം ഇവരുടെ വീട്ടിലെ കട്ടിലിനോട് ചേര്‍ന്നുളള പെട്ടിയില്‍ അഴുകിയ നിലയിലാണ് കണ്ടെത്തിയത്. 

പൊഡറുടെ ഭാര്യ ഭിക്ഷാടകയാണ്. ഒക്ടോബര്‍ 23ന് ഭിക്ഷാടനം കഴിഞ്ഞ് ഉച്ചയ്ക്ക് 12.30ന് തിരിച്ചുവന്നപ്പോള്‍ മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞിരുന്നത്. പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഒരു അനാഥാലയത്തിലാക്കിയെന്ന് ഭര്‍ത്താവ് തന്നോട് പറഞ്ഞെന്നും ഇവര്‍ പൊലീസിനോട് വ്യക്തമാക്കി. 

അന്വേഷണത്തില്‍ പെണ്‍കുട്ടി ഗാസിയാബാദിലെ അനാഥാലയത്തില്‍ എത്തിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. അതേസമം വകീല്‍ പൊഡറെയും കാണാനില്ലെന്ന് മനസ്സിലാക്കിയ പൊലീസ് പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് സംശയിച്ചു. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ ബിഹാറിലെ ഒരു ബസ്റ്റാന്റില്‍ വച്ച് പൊഡറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ദില്ലിയിലെത്തിച്ച് കോടതിക്ക് മുമ്പാകെ ഹാജരാക്കി. 

തന്റെ സഹോദരിയുടെ കുട്ടിയാണെന്നും അവളുമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. സംഭവം ഇയാളുടെ ഭാര്യ അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വലിയ തര്‍ക്കമുണ്ടായി. പെണ്‍കുട്ടിയെ അവളുടെ ഗ്രാമത്തിലേക്ക് തന്നെ അയക്കാന്‍ ശ്രമിച്ചെങ്കിലം പഠിക്കാന്‍ ആയി ദില്ലിയില്‍ തന്നെ തുടരാനാണ് കുട്ടി തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് പൊഡറും ഭാര്യയും തമ്മില്‍ നിരന്തരമായി വഴക്കുണ്ടായി. ഇതോടെ ഭാര്യ പൊഡറോട് പെണ്‍കുട്ടിയെ കൊല്ലാന്‍ ആവശ്യപ്പെട്ടു. 

ഒക്ടോബര്‍ 23 ന് പൊഡര്‍ പെണ്‍കുട്ടിയെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകായിരുന്നു. രക്തം ഒലിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ ജീവന്‍ പോകുന്നതുവരെ തുണിയില്‍ പൊതിഞ്ഞുവച്ചു. ശേഷം കട്ടിലിനോട് ചേര്‍ന്നുള്ള പെട്ടിയില്‍ അടച്ചു. കമ്പിയും മുറിയും കഴുകി വൃത്തിയാക്കി. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി, എന്നാല്‍ അതിന് സമയം ലഭിച്ചില്ല. പൊലീസിന്റെ ശ്രദ്ധ തിരിക്കാനാണ് പൊഡര്‍ ദില്ലി വിട്ടത്.