ദില്ലി: വിവാഹേതര ബന്ധം പുലർത്തിയ 46കാരനെ സ്ത്രീയുടെ ഭാവി വരൻ കഴുത്തറുത്ത് കൊന്നു. തന്റെ ഭാവിവധുവുമായി ബന്ധം പുലർത്തുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് വ്യവസായിയായ നീരജ ​ഗുപ്തയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം പെട്ടിയിലാക്കി ട്രെയിനിൽ കൊണ്ടുപോയി ​ഗുജറാത്തിലെ ഭറൂച്ചിൽ തള്ളി. സ്ത്രീയുടെ നോർത്ത്‍വെസ്റ്റ് ദില്ലിയിലെ വാടകവീട്ടിൽ വച്ച് സ്ത്രീയുടെ അമ്മയും കൊല്ലപ്പെട്ട നീരജ് ​ഗുപ്തയും ഭാവിവരനും തമ്മിൽ തർക്കം നടന്നിരുന്നു. ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നായിരുന്നു തർക്കമുണ്ടായത്. 

​ഗുപ്തയെ പ്രതി കട്ടകൊണ്ട് തലക്കടിച്ചു, മൂന്ന് തവണ കത്തികൊണ്ട് കുത്തി, കഴുത്തറുക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഉപേക്ഷിക്കാൻ സ്ത്രീയും അമ്മയുമാണ് പ്രതിയെ സഹായിച്ചത്. ഫൈസൽ (29), ഷഹീൻ നാസ് (45), ജുബെർ (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

​നീരജ് ​ഗുപ്തയെ കാണാനില്ലെന്ന് പരാതി ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഭർത്താവിന്റെ തിരോധാനത്തിന് പിന്നിൽ സ്ത്രീയ്ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി നീരജിന്റെ ഭാര്യ പൊലീസിനെ അറിയിച്ചിരുന്നു. അന്വേഷണത്തിൽ ഇവർ നീരജുമായുള്ള വിവാഹേതര ബന്ധം സമ്മതിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂവരുംചേർന്നാണ് ​ഗുപ്തയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി.