ദില്ലി: ദില്ലിയില്‍ വിവാഹാലോചന നിരസിച്ചതിന്റെ പേരില്‍ യുവാവ് കാമുകിയുടെ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കുകിഴക്കൻ ദില്ലിയിലെ സോണിയ വിഹാർ പ്രദേശത്താണ് സംഭവം.  50 കാരനായ ബിജേന്ദർ സിങ്ങിനെയാണ് 25കാരനായ സൂരജ് കുമാര്‍ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സോണിയ വിഹാർ നിവാസിയായ സൂരജ് കുമാർ  മെട്രോ സ്റ്റേഷനിൽ ക്ലീനിംഗ് ജോലി ചെയ്യുകയാണ്. ഏറെ നാളായി സൂരജ് 24 കാരിയുമായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ബിജേന്ദർ സിങ്ങും ഭാര്യയും സൂരജുമായുള്ള അടുപ്പം വേണ്ടെന്ന് മകളോട് പറഞ്ഞു. പെണ്‍കുട്ടിയെ ബിജേന്ദർ സിങ്ങ് ദത്തെടുത്തതാണെന്നാണ് വിവരം.

പെണ്‍കുട്ടിക്കും യുവാവിനെ ഇഷ്ടമായിരുന്നുവെങ്കിലും മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചില്ല. ഒടുവില്‍ സൂരജ് തന്‍റെ മാതാപിതാക്കളെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അയച്ചു. എന്നാല്‍ ബിജേന്ദർ സിങ്ങും ഭാര്യയും അവരോടും വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചു. ഇതോടെയാണ് സൂരജ് ബിജേന്ദർ സിങ്ങിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

നവംബർ 28 മുതൽ താന്‍ സിങ്ങിനെയും ഭാര്യയെയും പിന്തുടരാൻ തുടങ്ങിയതായി സൂരജ് പൊലീസിന് മൊഴി നല്‍കി. സംഭവ ദിവസം യുവാവ് വീണ്ടും വിവാഹമാലോചിച്ച് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. മകളെ വിവാഹം കഴിപ്പിച്ച് തരണമെന്ന് സിങ്ങിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സിങ്ങിന്‍റെ നിലപാടില്‍ മാറ്റമുണ്ടായില്ല. 

പ്രകോപിതനായ യുവാവ് അടുക്കളയിൽ നിന്ന് കത്തി എടുത്ത് ബിജേന്ദര്‍ സിങ്ങിന്‍റെ തലയിൽ കുത്തുകയായിരുന്നു. പിന്നീട് അടുക്കളയിൽ നിന്ന് ഒരു പ്രഷർ കുക്കർ എടുത്ത് അബോധാവസ്ഥയിലാകുന്നതുവരെ പലതവണ തലയിൽ അടിച്ചതായും പ്രതി പറഞ്ഞു. സംഭവ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വടക്കൻ ദില്ലി പ്രദേശത്തെ ഷാ ഓഡിറ്റോറിയത്തിന് സമീപത്തുവച്ച് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.