സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് യുവാവ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം രാജേഷ് നേരത്തേ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം.

ദില്ലി: ഭാര്യയെയും രണ്ട് മക്കളേയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ദില്ലിയിലാണ് ദാരുണമായ സംഭവം നടന്നത്. പടിഞ്ഞാറൻ ദില്ലിയിലെ മോഹൻ ഗാർഡൻ ഏരിയയിൽ താമസിക്കുന്ന രാജേഷ് (38) ആണ് ഭാര്യയേയും നാല് മാസം പ്രായമുള്ള കൈക്കുഞ്ഞ് ഉൾപ്പെടെ രണ്ട് ആൺമക്കളെ കുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് യുവാവ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം രാജേഷ് നേരത്തേ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. ഭാര്യയെയും മക്കളെയും കുത്തിക്കൊലപ്പെടുത്താനുപയോഗിച്ച കത്തി ദിവസങ്ങള്‍ക്ക് മുമ്പ് ഇ-കൊമേഴ്‌സ് പോർട്ടലായ ആമസോണിൽ നിന്ന് വാങ്ങിയതാണെന്നാണ് പൊലീസ് പറയുന്നത്.

അടുക്കളയില്‍ ഉപയോഗിക്കുന്ന ഒരു സെറ്റ് കത്തികളാണ് യുവാവ് വാങ്ങിയത്. ഇതില്‍ ഒരു കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം മുറിവേല്‍പ്പിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. തിങ്കളാഴ്ച രാവിലെയോടെയാണ് കൊലപാതകം പുറത്തറിയുന്നത്. രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് ബോധം വന്നതിന് ശേഷം മൊഴിയെടുക്കുമെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്നും പൊലീസ് പറഞ്ഞു. 

ഞായറാഴ്ച പുലർച്ചെ 4.50-ന് രാജേഷ് സ്‌കൂൾ സുഹൃത്തുക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തന്റെ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് സന്ദേശം അയച്ചു. ഇതോടെ സംശയം തോന്നിയ സുഹൃത്തുക്കൾ ഇയാളുടെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കളെത്തിയപ്പോഴാണ് കൊലപാതര വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് രാവിലെ 6 മണിയോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More :  'മുഖ്യമന്ത്രിയും പവർ ബ്രോക്കർമാരും', അഴിക്കുള്ളില്‍ തില്ലങ്കേരിമാര്‍, മലപ്പുറത്തെ കിണര്‍ ദുരന്തം- 10 വാര്‍ത്ത

YouTube video player