പൊലീസിന്റെ വിദഗ്ധമായ പദ്ധതിയിലൂടെയാണ് ഇരുവരെയും പിടികൂടിയത്. 70 ലക്ഷം രൂപ മോഷ്ടിച്ച കേസില്‍ സന്ദീപ് നേരത്തേ അറസ്റ്റിലായിരുന്നു. 

ദില്ലി: ദില്ലിയില്‍ കവര്‍ച്ച നടത്തുന്ന സംഘത്തെ പിടികൂടി പോലീസ്. ഇവരില്‍ നിന്ന് ഒരു കോടി രൂപ വില വരുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തു. കവര്‍ച്ച ചെയ്യപ്പെടുന്ന ആളുകളുടെ ശ്രദ്ധ തിരിച്ചുവിട്ട് സിനിമാ സ്റ്റൈലില്‍ മോഷണം നടത്തുന്ന സംഘമാണ് പിടിയിലായത്.

22 കാരനായ സന്ദീപ്, 20 കാരനായ മദങ്കിരി എന്നിവരാണ് അറസ്റ്റിലായ രണ്ടുപേര്‍. 'തക് തക്' സംഘം എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ബുധനാഴ്ചയാണ് ഝാന്‍സി റോഡില്‍വച്ചുനടന്ന മോഷണത്തില്‍ അന്വേഷണം നടത്തിയ പൊലീസ് സിസിടിവി പരിശോധിച്ചതോടെ നീളമുള്ള തലമുടി ശ്രദ്ധയില്‍പ്പെടുകയും പ്രതികളിലൊരാളെ തിരിച്ചറിയുകയുമായിരുന്നു.

പൊലീസിന്റെ വിദഗ്ധമായ പദ്ധതിയിലൂടെയാണ് ഇരുവരെയും പിടികൂടിയത്. 70 ലക്ഷം രൂപ മോഷ്ടിച്ച കേസില്‍ സന്ദീപ് നേരത്തേ അറസ്റ്റിലായിരുന്നു. മോഷ്ടിച്ചെടുത്ത സ്വര്‍ണ്ണവുമായി ദില്ലി വിടാനായിരുന്നു പദ്ധതിയെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

സമാനമായ രീതിയില്‍ നിരവധി കവര്‍ച്ചകള്‍ നടത്തിയതായി പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി. കാറിലെ ഇന്ധന ടാങ്ക് ചോരുന്നുണ്ടെന്നോ മറ്റോ പറഞ്ഞ് ഡ്രൈവറുടെ ശ്രദ്ധ തിരിക്കുകയും ഡ്രൈവര്‍ പുറത്തിറങ്ങുമ്പോള്‍ മറ്റേയാള്‍ വാഹനത്തിലിരിക്കുന്ന ബാഗുമായി കടന്നുകളയുകയും ചെയ്യുകയാണ് ഇവരുടെ രീതി.