ദില്ലി: ഗതാഗത നിയമ ലംഘനത്തിന് പിഴ ഈടാക്കിയതില്‍ ആത്മഹത്യാഭീഷണി മുഴക്കി യുവതിയുടെ പ്രതിഷേധം. ദില്ലിയിലെ കശ്മീരി ഗേറ്റിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. നടുറോഡിലെ പ്രതിഷേധം അതിരുവിട്ടത് ഗതാഗതടസ്സത്തിന് കാരണമായതോടെ പിഴ ഈടാക്കാതെ യുവതിയെ പൊലീസ് വിട്ടയച്ചു.

ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ ഫോണിൽ സംസാരിച്ചതിനാണ് യുവതിയെ ട്രാഫിക് പൊലീസ് പിടികൂടിയത്.സ്കൂട്ടറിലെ നമ്പര്‍ പ്ലേറ്റിനും തകരാർ ഉണ്ടായിരുന്നു. പരിശോധനക്കിടെ യുവതിയെ തടഞ്ഞ പൊലീസിനോട് ആദ്യം പിഴ ഈടാക്കരുതെന്ന് അഭ്യർത്ഥിച്ചു. എന്നാൽ പിഴ ഈടാക്കാനായി രസീത് എഴുതിയതോടെ യുവതിയുടെ മട്ടുമാറി. പൊലീസുകാരോട് ആക്രോശിക്കാനും കരയാനും തുടങ്ങി.

എന്നാൽ പിഴയിൽ നിന്ന് പിന്നോട്ടില്ലെന്ന് പൊലീസ് നിലപാടെടുത്തതോടെ സംഭവം വീണ്ടും കുഴഞ്ഞു. ഹെൽമെറ്റ് റോഡിൽ വലിച്ചെറിഞ്ഞ യുവതി ആത്മഹത്യാ ഭീഷണി മുഴക്കി. താന്‍ ആത്മഹത്യ ചെയ്താൽ ഉദ്യോഗസ്ഥരാകും ഉത്തരവാദികളെന്നും യുവതി പറഞ്ഞു.

യുവതിയും പൊലീസും തമ്മിലുള്ള തർക്കം 20 മിനിറ്റോളം നീണ്ടതോടെ ഗതാഗതവും താറുമാറായി. വഴിയാത്രക്കാരും ചുറ്റുംകൂടി. ഇതോടെ വെട്ടലായ പൊലീസ് യുവതി വിലാസം അടക്കം എഴുതി വാങ്ങി പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകി വിട്ടയക്കുയായിരുന്നു.