ദില്ലി: സാമ്പത്തിക തര്‍ത്തക്കിനൊടുവില്‍ അമ്പത്തിയഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ശ്വാസം മുട്ടിച്ചുകൊന്നു. സ്ത്രീയുടെ അയല്‍വാസിയായ 24 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ വീട്ടില്‍ വച്ച് വെള്ളിയാഴ്ച രാത്രിയാണ് ധര്‍മ്മരാജ് കൃത്യം നടത്തിയത്. സിസിടിവി ക്യാമറ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. 

ഗുലാബി ബാഗിലെ വീട്ടില്‍ ഒരു ചായക്കട നടത്തിവരികയായിരുന്നു സ്ത്രീ. രാവിലെ ചായകുടിക്കാനെത്തിയ ആള്‍ വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു. 

പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന സ്ത്രീയെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചു. 

ധര്‍മ്മരാജ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി സ്ത്രീക്കൊപ്പമാണ് ധര്‍മ്മരാജ് ജോലി ചെയ്യുന്നത്. വെള്ളിയാഴ്ച പണത്തിന്‍റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനെത്തുടര്‍ന്ന് രാത്രിയില്‍ സ്ത്രീയുടെ വീട് തകര്‍ക്കുകയും ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.