ലഹരി വിമുക്ത കേന്ദ്രത്തിൽ വച്ചാണ് സംഭവം നടന്നതെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

മയൂര്‍ഭഞ്ച് (ഒഡീഷ) : ഒഡീഷയിലെ മയൂർഭഞ്ചിൽ നിന്ന് അംഗപരിമിതനായ ഒരാളെ രണ്ട് പേർ ചേർന്ന് പീഡിപ്പിക്കുന്ന ഭയാനകമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു വടിയെടുത്ത് അടിച്ച് അംഗപരിമിതനായ ആളെ മറ്റൊരാളുടെ പാദങ്ങൾ നക്കാൻ നിർബന്ധിക്കുന്നതാണ് ഈ വീഡിയോ. സംഭവം സോഷ്യൽമീഡിയയിൽ വൈറലായതോടെ പ്രതികൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്. 

അതേസമയം ലഹരി വിമുക്ത കേന്ദ്രത്തിൽ വച്ചാണ് സംഭവം നടന്നതെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. അക്രമിക്കപ്പെട്ടയാൾ കരഞ്ഞുകൊണ്ടാണ് അവരുടെ ക്രൂരതകളെ അനുസരിക്കുന്നത്. ഒരാൾ വടിയുമായി നിൽക്കുന്നതും വീഡിയോയിൽ കാണാം. വടിയുമായി നിൽക്കുന്നയാൾ ഇരയുടെ തലയിൽ പിടിച്ച് വലിക്കുമ്പോൾ മറ്റൊരാൾ നക്കാനായി തന്റെ കാൽപാദം കാണിച്ചുകൊടുക്കുകയാണ്. അത് അനുസരിക്കാൻ നിര്‍ബന്ധിക്കുകയും ഉപദ്രവിക്കുകയുമാണ് ഇവര്‍. കഴിഞ്ഞ വര്‍ഷം ജൂലൈയിൽ ഒരു ലഹരിവിമുക്ത കേന്ദ്രത്തിൽ നടന്നതാണ് ഈ സംഭവമെന്നാണ് പൊലീസ് പറയുന്നത്. 

Scroll to load tweet…

"ഇതുസംബന്ധിച്ച് ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടുപേരെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കും. ഈ ലഹരിവിമുക്ത കേന്ദ്രം അടച്ചുപൂട്ടാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിര്‍ദ്ദേശം നൽകി. ഈ വീഡിയോക്ക് ഒരു വര്‍ഷത്തെ പഴക്കമുണ്ട്.” മയൂർഭഞ്ച് എസ്പി ട്വീറ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 341, 323, 324 , 307, 34 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. ഹീനമായ കുറ്റകൃത്യത്തെ മാത്രമല്ല, നടപടിയെടുക്കുന്നതിലെ പൊലീസിന്റെ കാലതാമസത്തെയും ട്വിറ്റർ ഉപയോക്താക്കൾ അപലപിച്ചു. 

"ഇത് ഒരു വർഷം പഴക്കമുള്ള സംഭവമാണെങ്കിൽ ഇപ്പോൾ മാത്രം നടപടിയെടുക്കുന്നത് എന്തുകൊണ്ട്? ഈ സംഭവം ഇപ്പോഴാണ് അറിഞ്ഞതെങ്കിൽ, ഇത് കണ്ടിട്ടും റിപ്പോർട്ട് ചെയ്യാത്ത സെന്റർ ജീവനക്കാരുടെ കാര്യമോ?" എന്നാണ് സോഷ്യൽ മീഡ‍ിയയിൽ ഉയരുന്ന ചോദ്യം. "മനുഷ്യത്വരഹിതമായ പെരുമാറ്റം" എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 

Read Also : കളമശേരിയിൽ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറും ഇരുചക്ര വാഹനങ്ങളും മൂന്നംഗ സംഘം കത്തിച്ചു