Asianet News MalayalamAsianet News Malayalam

'അവർ അനുഭവിക്കും', വെറും ശാപവാക്കല്ല, ദിലീപിന് വെല്ലുവിളി ഡിജിറ്റൽ തെളിവ്, മുദ്ര വച്ച് കോടതിയിൽ

പൊലീസ് ഉദ്യോഗസ്ഥരെ എങ്ങനെ അപായപ്പെടുത്തുമെന്നതിന് ദിലീപ് മാര്‍ഗങ്ങള്‍ തേടി. ദിലീപ് ഇക്കാര്യം സംസാരിച്ച ചിലരെ ക്രൈംബ്രാഞ്ച് കണ്ടെത്തി. അവരുടെ മൊഴികളെടുത്തു. ബാലചന്ദ്രകുമാറിന്‍റെ മൊഴികൾ സാധൂകരിക്കുന്നതിനുള്ള സുപ്രധാന തെളിവുകളായി ഇത്. 

Dileep Case Digital Evidence Produced By Crime Branch In High Court At Sealed Cover
Author
Kochi, First Published Jan 22, 2022, 6:30 PM IST

കൊച്ചി: വെറുതെ സ്വന്തം വീട്ടിലെ സ്വീകരണമുറിയിലിരുന്ന് ഭീഷണിപ്പെടുത്തുക മാത്രമല്ല, പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ദിലീപ് പലരുമായും ചർച്ച ചെയ്തിരുന്നു എന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍. ദിലീപ് ഇക്കാര്യം സംസാരിച്ച  ചിലരുടെ സുപ്രധാന മൊഴികളും ഡിജിറ്റൽ തെളിവുകളും അടക്കമാണ് ഇന്ന് ഹൈക്കോടതിക്ക് മുദ്ര വെച്ച കവറില്‍ കൈമാറിയതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഒരിക്കല്‍ കൂടി ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ ദിലീപിന് മുന്നില്‍ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുക ഈ തെളിവുകളാകും. 

''അവര്‍ അനുഭവിക്കേണ്ടി വരും'', ഇതാണ് സംവിധായകന്‍  ബാലചന്ദ്രകുമാര്‍ ക്രൈംബാഞ്ചിന് കൈമാറിയ ദിലീപിന്‍റെ ശബ്ദങ്ങളില്‍ ഒന്ന്. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ പറഞ്ഞുപോയ ശാപ വാക്കുകള്‍ എന്നായിരുന്നു ഹൈക്കോടതിയില്‍ ദിലീപിന്‍റെ വാദം. 

വെറുതെ വാക്കാൽ പറഞ്ഞാൽ അത് ഗൂഢാലോചനയാകുമോ എന്ന് രാവിലെ ചോദിച്ച കോടതിയുടെ പരാമർശത്തിന്‍റെ ചുവട് പിടിച്ച്, ശാപവാക്കുകൾ പറയുന്നത് ക്രിമിനൽ കുറ്റമാകില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. ബാലചന്ദ്ര കുമാറിന്‍റെ മൊഴിയും ഗൂഢാലോചനാ കേസിലെ എഫ്ഐആറും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. മൊഴിയിൽ പറഞ്ഞ പലതും എഫ്ഐആറിൽ ഇല്ല എന്ന് ദിലീപിന് വേണ്ടി ഹാജരായ അഡ്വ. രാമൻ പിള്ള ചൂണ്ടിക്കാട്ടി. 

യൂട്യൂബ് കണ്ട ശേഷം പറഞ്ഞ ശാപവാക്കുകൾ എങ്ങനെ കൊലപാതക ഗൂഢാലോചനക്കേസായി മാറും എന്നാണ് ദിലീപിന്‍റെ അഭിഭാഷകൻ ചോദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്‍റെ പുതിയ മൊഴി പ്രകാരം അദ്ദേഹത്തെ ട്രക്ക് ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു എന്നാണ്. അത് പുതുതായി പ്രോസിക്യൂഷൻ വ്യാജമായി ഉണ്ടാക്കിയ ആരോപണമാണെന്നും ദിലീപ് ആരോപിച്ചു.

എന്തും പറയാൻ തയ്യാറായ സാക്ഷിയാണ് ബാലചന്ദ്രകുമാർ എന്നാണ് പ്രതിഭാഗത്തിന്‍റെ ആരോപണം. ഇവർ അനുഭവിക്കും എന്ന് പറഞ്ഞത് മാത്രമാണ് ബാലചന്ദ്രകുമാർ നൽകിയ വോയ്‍സ് ക്ലിപ്പിലുള്ളത്. ബാക്കിയെല്ലാം ഗൂഢാലോചന, പ്രേരണാ കുറ്റങ്ങൾ ചുമത്താനായി കെട്ടിച്ചമച്ചതാണെന്നും ദിലീപിന്‍റെ അഭിഭാഷകൻ ആരോപിച്ചു.

എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. ദിലീപിന്‍റെ ആലുവയിലെ വീട്ടില്‍ വെച്ച് ആകസ്മികമായി ഉണ്ടായ ഒറ്റപ്പെട്ട പരാമർശമല്ല ഇത്. മറിച്ച് പല തവണ പല സാഹചര്യങ്ങളിൽ, പലരുമായും ദിലീപ് ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. 

പൊലീസ് ഉദ്യോഗസ്ഥരെ എങ്ങനെ അപായപ്പെടുത്തുമെന്നതിന് ദിലീപ് മാര്‍ഗങ്ങള്‍ തേടി. ദിലീപ് ഇക്കാര്യം സംസാരിച്ച ചിലരെ ക്രൈംബ്രാഞ്ച് കണ്ടെത്തി. അവരുടെ മൊഴികളെടുത്തു. ബാലചന്ദ്രകുമാറിന്‍റെ മൊഴികൾ സാധൂകരിക്കുന്നതിനുള്ള സുപ്രധാന തെളിവുകളായി ഇത് മാറുമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ അവകാശവാദം. ഇതോടൊപ്പമാണ് ദിലീപിന്‍റെ വസതിയിൽ നിന്നടക്കം കണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകള്‍.

ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് മുദ്ര വെച്ച കവറില്‍ പ്രോസിക്യൂഷൻ ജഡ്ജിക്ക് കൈമാറിയത്. അസ്വസ്ഥതപ്പെടുത്തുന്ന തെളിവുകള്‍ ഇതിലുണ്ട് എന്ന ജഡ്ജിയുടെ പരാമർശം ഉണ്ടായതും ഈ സാഹചര്യത്തിലാണെന്ന് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. 

ഈ തെളിവുകള്‍ വെച്ചാവും ദിലീപിനെ അന്വഷണ സംഘം ചോദ്യം ചെയ്യുക. ഇതിനായി പ്രത്യേക ചോദ്യാവലിയും ക്രൈം ബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപിന് കൈമാറിയ വിഐപിയെക്കുറിച്ചും ദിലീപിന് മറുപടി പറയേണ്ടി വരും. കേസിന്‍റെ തുടക്കം മുതല്‍ ദിലീപിന് നിയമസഹായം നല്‍കാന്‍ മുന്നില്‍ നിന്ന ഇയാള്‍ ഗൂഢാലോചനയിലും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന്  ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇതിനകം ലഭ്യമായ തെളിവുകള്‍ കൈചൂണ്ടുന്നത് ദിലീപിന്‍റെ സുഹൃത്തായ ആലുവയിലെ വ്യവസായി ജി ശരത്തിലേക്കാണെന്ന്  ക്രൈംബ്രാഞ്ച് സൂചനകൾ നൽകിക്കഴിഞ്ഞു. ദിലീപിനെ ഒറ്റയ്ക്കും മറ്റ് പ്രതികള്‍ക്കാപ്പവും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുള്ളതെന്നും കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios