ബെംഗളൂരു നാഗർഭാവി മഹേഷ് പിയു കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥി യോഗേഷിന്റെ കൊലപാതകത്തിലാണ് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജിലെ ഒരു സീനിയർ വിദ്യാർത്ഥിനിയെച്ചൊല്ലി ഉണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.
ബെംഗളൂരു: ബെംഗളൂരു അന്നപൂർണേശ്വരി നഗറിൽ, പട്ടാപ്പകൽ കോളേജ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ നാലുപേർ പൊലീസിന്റെ പിടിയിലായി. നാഗർഭാവി മഹേഷ് പിയു കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയായ യോഗേഷാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന ഭുവനേഷ് എന്ന വിദ്യാർത്ഥിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ബെംഗളൂരു നാഗർഭാവി മഹേഷ് പിയു കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥി യോഗേഷിന്റെ കൊലപാതകത്തിലാണ് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജിലെ ഒരു സീനിയർ വിദ്യാർത്ഥിനിയെച്ചൊല്ലി ഉണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. കൊല്ലപ്പെട്ട യോഗേഷും ഒളിവിൽ കഴിയുന്ന ഭുവനേഷും ഒരേ കോളേജിലെ വിദ്യാർത്ഥികളായിരുന്നു. ഇവിടുത്തെ ഒരു സീനിയർ വിദ്യാർത്ഥിനിയോട് ഭുവനേഷ് പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും പെൺകുട്ടി അത് നിരസിച്ചു. ഇതിന് പിന്നാലെയാണ്, ആ പെൺകുട്ടിയെക്കുറിച്ച് യോഗേഷ് കോളേജിൽ അപവാദം പ്രചരിപ്പിക്കുന്നുണ്ടെന്ന രീതിയിൽ ഭുവനേഷ് കഥകൾ മെനഞ്ഞത്.
തുടർന്ന് ഈ വിവരം, പെൺകുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന, കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർത്ഥിയെ ഭുവനേഷ് അറിയിക്കുകയും പ്രകോപിപ്പിക്കുകയുമായിരുന്നു. ഇത് ചോദ്യം ചെയ്യാനായി മൂന്ന് കൂട്ടുകാരെയും കൂട്ടി എത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി യോഗേഷിനെ കോളേജിൽ നിന്ന് വിളിച്ചിറക്കി കുത്തിവീഴ്ത്തി.
സാരമായി പരിക്കേറ്റ യോഗേഷിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തും പരിസരത്തുണ്ടായിരുന്നവരും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതികളിൽ ഒരാളൊഴികെ നാലുപേരെയും പൊലീസ് പിടികൂടി. പിടിയിലായവരിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഭുവനേഷിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

