Asianet News MalayalamAsianet News Malayalam

വളര്‍ത്ത് നായയെ ഓട്ടോയില്‍ കയറ്റുന്നതിനെച്ചൊല്ലി തർക്കം, യുവാവിന് മർദ്ദനം; ലഹരി സംഘം അറസ്റ്റിൽ

കഴിഞ്ഞയാഴ്ച വളര്‍ത്ത് നായയെ മൃഗാശുപത്രിയില്‍ കൊണ്ട് പേകാൻ രാഹുല്‍ ഓട്ടോ ഡ്രൈവറായ അഭിജിത്തിനെ വിളിച്ചു. എന്നാല്‍ നായയെ ഓട്ടോയില്‍ കയറ്റാനാകില്ലെന്ന് അഭിജിത്ത് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പിന്നീട് പലതവണ പ്രകോപനം തുടര്‍ന്നു. 

dispute over pet dog getting into auto young man assaulted drug gang arrested
Author
Thiruvananthapuram, First Published Apr 9, 2022, 10:24 PM IST

തിരുവനന്തപുരം: വളര്‍ത്ത് നായയെ ഓട്ടോയില്‍ കയറ്റുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിന് ലഹരി സംഘത്തിന്‍റെ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം മടവൂര്‍ സ്വദേശി രാഹുലിനാണ് കമ്പി വടി കൊണ്ട് തലയ്ക്ക് അടിയേറ്റത്. സംഭവത്തില്‍ മൂന്ന് പേരെ പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

മര്‍ദ്ദനമേറ്റ രാഹുലും പ്രതികളായ അഭിജിത്തും ദേവജിത്തും സുഹൃത്തുക്കളായിരുന്നു. രാഹുലിന് വളര്‍ത്ത് നായകളെ വിൽക്കുന്ന ബിസിനസാണ്. കഴിഞ്ഞയാഴ്ച വളര്‍ത്ത് നായയെ മൃഗാശുപത്രിയില്‍ കൊണ്ട് പേകാൻ രാഹുല്‍ ഓട്ടോ ഡ്രൈവറായ അഭിജിത്തിനെ വിളിച്ചു. എന്നാല്‍ നായയെ ഓട്ടോയില്‍ കയറ്റാനാകില്ലെന്ന് അഭിജിത്ത് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പിന്നീട് പലതവണ പ്രകോപനം തുടര്‍ന്നു. ഇന്നലെ സീമന്തപുരം മഹാദേവ ക്ഷേത്ര ഉത്സവത്തിന് പോകാൻ തുമ്പോട് ജംഗ്ഷനില്‍ നിന്ന രാഹുലിനെ അഭിജിത്ത്, സഹോദരൻ ദേവജിത്ത് അയല്‍വാസി രതീഷ് എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചു.

ദേവജിത്ത് ഷര്‍ട്ടില്‍ ഒളിപ്പിച്ച് വച്ചിരുന്ന കമ്പി വടി കൊണ്ട് രാഹുലിനെ തലയ്ക്കടിക്കുകയായിരുന്നു. പിന്നീട് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ 16 തുന്നിക്കെട്ടുകളുള്ള രാഹുല്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പ്രതികൾ ലഹരിക്കടിമകളാണെന്ന് പൊലീസ് പറയുന്നു. കഞ്ചാവ് വില്‍പ്പന നടത്തുന്നവരാണ് പ്രതികളെന്നും ഇവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും പള്ളിക്കല്‍ സി ഐ ശ്രീജിത്ത് പറഞ്ഞു. ഒളിവിലായിരുന്ന പ്രതികളെ ഇന്ന് രാവിലെയാണ് പിടികൂടിയത്.

Read Also: കെഎസ്ആർടിസി ജീവനക്കാരെ ലഹരിക്കടത്ത് സംഘം ബസ് തടഞ്ഞ് നിർത്തി മർദ്ദിച്ചു

ലഹരിക്കച്ചവടം നടത്തുന്ന യുവാക്കൾ കെഎസ്ആർടിസ് ബസ് ഡ്രൈവറെയും കണ്ടക്ടറെയും ബസ്സിൽ നിന്നിറക്കി ക്രൂരമായി മർദ്ദിച്ചു. ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരം വെള്ളനാടാണ് സംഭവം. മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. അക്രമത്തിൽ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ വൈകീട്ട് നാലേകാലിനായിരുന്നു സംഭവം. വെള്ളനാട് ഡിപ്പോയില്‍ നിന്ന് കണ്ണംമ്പളി വഴി കിഴക്കേക്കോട്ടയിലേക്ക് പോകുകയാരുന്നു ബസ്. മൈലാടി എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് രണ്ട് ബൈക്കുകള്‍ ബസിന് പുറകില്‍ എത്തി ശക്തമായി ഹോണ്‍ മുഴക്കി. ബൈക്കുകള്‍ പല തവണ ബസിന് മുന്നിലേക്ക് വരാൻ ശ്രമിച്ചു. ബസിന്‍റെ വശങ്ങളില്‍ ബൈക്ക് ഇടിപ്പിച്ച പ്രതികള്‍ ഡ്രൈവറേയും കണ്ടക്ടറേയും അസഭ്യം വിളിച്ചു.

ബസ് നിര്‍ത്തിയപ്പോള്‍ രണ്ട് ബൈക്കുകള്‍ ബസിന് കുറുകേ വച്ച് ആറംഗ സംഘം ഭീഷണിമുഴക്കി. ബസില്‍ നിന്ന് ഇറങ്ങിയ ഡ്രൈവര്‍ ശ്രീജിത്തിനേയും കണ്ടക്ടര്‍ ഹരിപ്രേമിനേയും കൈയില്‍ താക്കോല്‍ തിരുകി മുഖത്തും വയറിലും ഇടിച്ചു. നാട്ടുകാരും ബസിലിരുന്നവരും ഇറങ്ങിയാണ് അക്രമികളെ പിടികൂടിയത്. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവരെ പിന്നീട് വിളപ്പില്‍ശാല പൊലീസ് പിടികൂടി.

ഇവരുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് 30 ഗ്രാം കഞ്ചാവും സിറിഞ്ചും കണ്ടെത്തി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം ലഹരിമരുന്ന് വില്‍ക്കുന്നവരാണ് പിടിയിലായതെന്ന് വിളപ്പില്‍ശാല പൊലീസ് അറിയിച്ചു. കഴി‌‌ഞ്ഞ ദിവസം വർക്കലയിൽ സ്കൂൾ പരിസരത്തെ ലഹരി വില്പന ചോോദ്യം ചെയ്ത യുവാവിനെ വിദ്യാർത്ഥികൾ അടങ്ങുന്ന സംഘം ക്രൂരമായി മർദ്ദിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios