ദിസ്പുര്‍: തേയിലത്തോട്ടം തൊഴിലാളികളുടെ മര്‍ദ്ദനമേറ്റ് അസമില്‍ ഡോക്ടര്‍ മരിച്ചു. 73- കാരനായ ഡോക്ടര്‍ ദേബന്‍ ഗുപ്തയാണ് മരിച്ചത്. എസ്റ്റേറ്റിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തോട്ടം തൊഴിലാളി മരിച്ചതിലുള്ള പ്രതിഷേധമാണ് ഡോകടര്‍ക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

 എസ്റ്റേറ്റ് ആശുപത്രിയില്‍ ഡോക്ടര്‍ ദേബന്‍ ഗുപ്ത സ്ഥലത്തില്ലാതിരുന്ന സമയത്താണ് സോമ്ര മാജി എന്ന തോട്ടം തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ തൊഴിലാളികള്‍ ശക്തമായി പ്രതിഷേധിച്ചു. തിരികെ ആശുപത്രിയിലെത്തിയ ഡോക്ടറെ ഇവര്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ക്കൊപ്പം പുറത്തുനിന്നെത്തിയവരും ഡോക്ടറെ മര്‍ദ്ദിച്ചതായി അമാല്‍ഗമേറ്റഡ് പ്ലാന്‍റേഷന്‍ ലിമിറ്റഡ് അധികൃതര്‍ പറഞ്ഞു. ആക്രണമം ചെറുക്കാന്‍ എസ്റ്റേറ്റിലെ വെല്‍ഫെയര്‍ ഓഫീസര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പൊലീസും സിആര്‍പിഎഫ് സംഘവും സ്ഥലത്തെത്തി അക്രമികളെ പിന്തിരിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ജോഹര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍ക്ക് നേരെ കല്ലേറുമുണ്ടായി. സംഭവത്തിലുള്‍പ്പെട്ട 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്ട്രേറ്റ് തലത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമാകുന്നവരെ തൊഴിലാളികളുടെ ശമ്പളം തടഞ്ഞുവെക്കുമെന്നും എസ്റ്റേറ്റ് ഉടമകള്‍ അറിയിച്ചു.