യുവാവ് നായയെ ബൈക്കിന് പിറകില്‍ കെട്ടിയിട്ട ശേഷം നഗരത്തിലൂടെ ഒരു കിലോമീറ്ററിലധികം  വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. 

മംഗളൂരു: നായയെ ബൈക്കില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ മേരിഹിൽ പ്രദേശത്താണ് മിണ്ടാപ്രാണിയോട് കൊടും ക്രൂര അരങ്ങേറിയത്. നായ ചെരിപ്പ് കടിച്ച് മുറിച്ചതില്‍ പ്രകോപിതനായാണ് യുവാക്കള്‍ ഈ ക്രൂര കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

യുവാവ് നായയെ ബൈക്കിന് പിറകില്‍ കെട്ടിയിട്ട ശേഷം നഗരത്തിലൂടെ ഒരു കിലോമീറ്ററിലധികം വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. പിന്നീട് നായയെ ഉപേക്ഷിച്ച് ഇവര്‍ കടന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മേരിഹിൽ പ്രദേശത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. 

മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള നിയമം, കർണാടക പകർച്ചവ്യാധി നിയമം 2020 എന്നിവയുടെ അടിസ്ഥാനത്തിലാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബൈക്കില്‍ കെട്ടിവലിച്ചപ്പോള്‍ നായയുടെ കൈകാലുകള്‍ മുറിഞ്ഞ് ചോര വന്നിട്ടുണ്ട്. പരിക്കുകളോടെ കാണാതായ നായയെ കണ്ടെത്താനായി പ്രദേശവാസികളുടെ സഹായത്തോടെ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം തുടങ്ങി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona