കോഴിക്കോട്: ഓസ്ട്രേലിയന്‍ വനിതയും സുഹൃത്തുമായി ഉണ്ടായ സൗന്ദര്യ പിണക്കം വെട്ടിലാക്കിയത് കോഴിക്കോട് സിറ്റി പൊലീസിനെ. പിണങ്ങിപ്പോയ വിദേശ വനിതയെ കണ്ടെത്താന്‍ പൊലീസ്  അന്വേഷണം സംസ്ഥാനങ്ങളിലേക്ക് വരെ നീണ്ടു.

ഓസ്ട്രേലിയന്‍ വനിത സുഹൃത്തായ മലയാളിയുമായി പിണങ്ങിപ്പോയതാണ് സംഭവങ്ങളുടെ തുടക്കം. ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. 

ഇവരെ കാണാതായതോടെ പരിഭ്രമിച്ച സുഹൃത്ത് കസബ പൊലീസില്‍ പരാതി നല്‍കി. പിന്നെ പൊലീസിന് ഉറക്കമില്ലാത്ത രാത്രി. നഗരത്തില്‍ നിന്ന് എട്ടരക്ക് ശേഷം പോയ ദീര്‍ഘദൂര ബസിലെ കണ്ടകര്‍മാര്‍ക്ക് വിവരം കൈമാറി.

250 ഓളം ലോഡ്ജുകള്‍ പരിശോധിച്ചു. രാവിലെ പതിനൊന്ന് മണിവരെ ആശങ്ക തുടര്‍ന്നു. തെരച്ചില്‍ വ്യാപിപ്പിക്കാനൊരുങ്ങവേ ഓസ്ട്രേലിയക്കാരി വെസ്നയെ ബീച്ചില്‍ പൊലീസ് കണ്ടെത്തി. പക്ഷെ തന്നെ കണ്ടെത്താന്‍ പൊലീസ് ഇത്ര വലിയ സന്നാഹം ഒരുക്കിയ കാര്യമൊന്നും ഇവര്‍ അറിഞ്ഞിരുന്നില്ല.

മലയാളി സുഹൃത്ത് ജിം ബെന്നിയുമായി പിണങ്ങിപ്പോയതായിരുന്നു വെസ്ന. നേരെ റെയില്‍വേ സ്റ്റേഷനിലെത്തി ഡോര്‍മെട്രിയില്‍ താമസിച്ചു. ഗോവക്ക് തിരിക്കാനുള്ള
ടിക്കറ്റും റിസര്‍വ് ചെയ്തു.പിന്നെ നഗരം കാണാനിറങ്ങി. ഇതിനിടെയാണ് പൊലീസെത്തി വെസ്നയെ സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. സിറ്റി പൊലീസിന്‍റെ പെരുമാറ്റവും

തന്നെ കണ്ടെത്താന്‍ നടത്തിയ ശ്രമത്തിനും നന്ദി രേഖപ്പടുത്തിയാണ് വെസ്ന യാത്ര പറഞ്ഞത്. കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിലും പൊലീസ് ഈ കാര്യക്ഷമത ഉറപ്പാക്കണമെന്ന് വെസ്ന അഭിപ്രായപ്പെട്ടു.