Asianet News MalayalamAsianet News Malayalam

ഷാജിയുടെ മൃതദേഹം കോൺക്രീറ്റ് പാളിക്ക് കീഴെ, പൊളിച്ചപ്പോൾ എല്ലിൻ കഷ്ണം, പരിശോധന

വീട്ടിലെ പറമ്പിലുള്ള ഒരു വശത്തെ കോൺക്രീറ്റ് പാളിക്ക് കീഴിലാണ് ഷാജിയുടെ മൃതദേഹം എന്നാണ് സഹോദരനും അമ്മയും മൊഴി നൽകിയിരിക്കുന്നത്. ഇവരെ രണ്ട് പേരെയും തെളിവെടുപ്പിന് കൊണ്ടുവന്നിരിക്കുകയാണ്. 

drishyam model killing shaji dead body excavation begins
Author
Kollam, First Published Apr 21, 2021, 11:49 AM IST

കൊല്ലം: അഞ്ചൽ ഏരൂരിനടുത്ത് ദൃശ്യം സിനിമയുടെ മോഡലിൽ കൊലപാതകം നടന്നെന്ന് കണ്ടെത്തിയ ഇടത്ത് പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്. ഭാരതിപുരം സ്വദേശിയായ ഷാജി പീറ്ററിനെ സഹോദരൻ സജിൻ രണ്ട് വർഷം തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഷാജിയുടെ മൃതദേഹം വീട്ടിലെ കിണറിനടുത്ത് കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നുവെന്നാണ് സജിനും അമ്മയും മൊഴി നൽകിയിരിക്കുന്നത്. ഇതിന് മുകളിൽ പിന്നീട് കോൺക്രീറ്റ് പാളി പണിതു. ഇതിന് താഴെ കുഴിച്ചാൽ മൃതദേഹം ലഭിക്കുമെന്നാണ് മൊഴി നൽകിയിരിക്കുന്നത്.

ഇതനുസരിച്ച് ഇവിടെ കുഴിയെടുത്ത് പരിശോധിച്ചപ്പോൾ എല്ലിൻ കഷ്ണവും ഒരു ചാക്കും കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾക്കായി സ്ഥലത്ത് പരിശോധനകൾ തുടരുകയാണ്. 

ഫൊറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിലാണ് ഇവിടെ പരിശോധനകൾ പുരോഗമിക്കുന്നത്. സജിനെയും അമ്മയെയും രാവിലെ 10 മണിയോടെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചിരുന്നു. നിരവധിപ്പേർ കുഴിയെടുത്ത് മൃതദേഹം പുറത്തെടുക്കുന്നത് കാണാൻ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. 

ഷാജിയും സഹോദരനായ സജിനും തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ സജിൻ ഷാജിയെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് മൊഴി. ഇതേത്തുടർന്ന് ഷാജിയുടെ മൃതദേഹം വീട്ടിലെ പറമ്പിൽ കിണറിനോട് ചേർന്ന് കുഴിച്ചിടുകയായിരുന്നു. ഷാജിയെ കാണാനില്ലെന്നാണ് കുടുംബം നാട്ടുകാരോടെല്ലാം പറഞ്ഞിരുന്നത്. 

എന്നാൽ ഷാജിയെ ആസൂത്രിതമായി കൊന്നതല്ലെന്നാണ് സജിൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഭാര്യയെയും അമ്മയയെയും ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ പറ്റിയ കൈയബദ്ധം മാത്രമായിരുന്നു ഇത്. സ്ത്രീകളെ ആക്രമിക്കുന്നതില്‍ നിന്ന് ഷാജിയെ പിന്തിരിപ്പിക്കുക മാത്രമായിരുന്നു മര്‍ദന ലക്ഷ്യമെന്നും കസ്റ്റഡിയിലുളള സജിന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മരിച്ച ഷാജി വീട്ടിൽ സ്ഥിരം പ്രശ്നമുണ്ടാക്കാറുണ്ടായിരുന്നെന്നും സജിൻ പൊലീസിനോട് പറഞ്ഞു. കേസില്‍ ഷാജിക്കു പുറമേ ഷാജിയുടെ അമ്മ പൊന്നമ്മയെയും ഭാര്യ ആര്യയെയും പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. 

എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?

കൊല്ലം ഭാരതിപുരം സ്വദേശി ഷാജി പീറ്റർ ഒരു മോഷ്ടാവാണ്. സ്ഥിരം പൊലീസിന്‍റെ നോട്ടപ്പുള്ളിയാണ്. കഴിഞ്ഞ രണ്ടു വർഷമായി ഷാജിയെ കാണാനില്ലായിരുന്നു. മലപ്പുറത്ത് എവിടെയോ ആണെന്ന വിവരമാണ് പൊലീസിന് വീട്ടുകാർ നൽകിയിരുന്നതും.

എന്നാൽ ഇന്നലെ പത്തനംതിട്ട ഡിവൈഎസ്പി ഓഫിസിൽ മദ്യപിച്ചെത്തിയ ഒരാൾ ഷാജിയെ കാണാതായതല്ലെന്നും  സഹോദരൻ കൊന്ന് വീടിന് സമീപം കുഴിച്ചിട്ടിരിക്കുകയാണെന്നും വെളിപ്പെടുത്തി.ഇതോടെയാണ്നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്. ഈ വിവരം പത്തനംതിട്ട ഡിവൈഎസ്പി പുനലൂർ ഡിവൈഎസ്പിയെ അറിയിച്ചു.

പുനലൂർ ഡിവൈഎസ്പി ഷാജിയുടെ സഹോദരൻ സജിനെയും അമ്മ പൊന്നമ്മയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സിനിമയെ വെല്ലും വിധമുള്ള കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. വാക്കു തർക്കത്തെ തുടർന്ന് ഷാജിയെ കമ്പിവടി കൊണ്ടടിച്ച് കൊന്ന ശേഷം കിണറിനു സമീപം കുഴിച്ചിടുകയായിരുന്നെന്ന് ഇരുവരും പൊലീസിന് മൊഴി നൽകി.

സജിനും, ഭാര്യയും, അമ്മയും മാത്രം അറിഞ്ഞിരുന്ന രഹസ്യം അടുത്തിടെ അമ്മ ഇവരുടെ ഒരു ബന്ധുവിനോട് പറഞ്ഞിരുന്നു. കുടുംബവുമായി എന്തോ കാരണത്താൽ തെറ്റിയ ബന്ധുവാണ് പൊലീസിന് വിവരം നൽകിയത്. പൊലീസിന് വിവരം ലഭിക്കും വരെ നാട്ടുകാർക്ക് പോലും ഷാജിയുടെ കൊലപാതകത്തെ കുറിച്ച് സൂചനയൊന്നും ഉണ്ടായിരുന്നില്ല.

Follow Us:
Download App:
  • android
  • ios