കൊച്ചി: തൃക്കാക്കരയില്‍ കാർ ഡ്രൈവറുടെ പരാക്രമം. ഗ്രൗണ്ടില്‍ പാർക്ക് ചെയ്തിരുന്ന എട്ട് വാഹനങ്ങള്‍ ഇടിച്ചു തകർത്തു. ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കൊച്ചിൻ പബ്ലിക് സ്കൂളിന് സമീപത്തെ ഗ്രൗണ്ടില്‍ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. സ്കൂളില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങളാണ് തകർന്നത്. ഇതേ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍, തന്‍റെ ഇക്കോ സ്പോർട്സ് കാർ കൊണ്ട്, ചുറ്റുമുണ്ടായിരുന്ന മറ്റു കാറുകളെ തലങ്ങും വിലങ്ങും ഇടിക്കുകയായിരുന്നു. കാറുകളുടെ ഹെഡ്ലൈറ്റുകളും ബമ്പറുകളും ടയറുകളും തകർന്നിട്ടുണ്ട്.

വെള്ള നിറത്തിലുള്ള കാറുകള്‍ മാത്രം തേടിപ്പിടിച്ചായിരുന്നു ഡ്രൈവറുടെ പരാക്രമം. ഗ്രൗണ്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കാറില്‍ നിന്നിറങ്ങാൻ തയാറാകാതിരുന്ന ഡ്രൈവറെ, ചില്ല് പൊളിച്ചാണ് രോഷാകുലരായ നാട്ടുകാർ പിടികൂടിയത്. ആർക്കും പരാതിയില്ലാത്തതിനാല്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഡ്രൈവറെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു.